സിനിമാ രംഗത്തേക്ക് കടന്നുവരണമെന്ന അഭിപ്രായം നേരത്തേ തന്നെ പ്രണവിനോട് പറഞ്ഞിരുന്നതായി നടന്‍ മോഹന്‍ലാല്‍. മകന്റെ സിനിമ പ്രവേശത്തെ കുറിച്ച് ദേശാഭിമാനിക്ക് നല്‍കിയ പ്രതികരണത്തിലാണ് ലാല്‍ മകനെ സിനിമയിലെത്തിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്. തനിക്ക് സിനിമയില്‍ അഭിനയിക്കാനുളള മോഹം ആദ്യം പറഞ്ഞത് തന്റെ അച്ഛനോടായിരുന്നു. എന്നാല്‍ ഡിഗ്രിക്ക് ശേഷം മതി അഭിനയമെന്നായിരുന്നു അച്ഛന്റെ നിലപാട്. തുടര്‍ന്ന് ഡിഗ്രി പൂര്‍ത്തിയാക്കിയശേഷമാണ് താന്‍ സിനിമാ രംഗത്തേക്ക് കടന്നുവന്നതെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
അഭിനയിക്കാനുള്ള കഴിവ് തിരിച്ചറിഞ്ഞ് മകന്‍ അപ്പു(പ്രണവ്) സിനിമയിലേക്ക് വരണമെന്ന് പലരും അവനോട് പറഞ്ഞിരുന്നു. താനും ആ അഭിപ്രായം മകനോട് തുറന്നു പറഞ്ഞിട്ടുണ്ട്. സ്‌കൂളില്‍ ബെസ്റ്റ് ആക്റ്ററൊക്കെ ആയിരുന്നെങ്കിലും മകന് സിനിമാഭിനയത്തോട് അത്ര താത്പര്യം തോന്നിയിരുന്നില്ല. എന്നാല്‍ രണ്ടു സിനിമകള്‍ക്ക് അസി. ഡയറക്ടറായി വര്‍ക്ക് ചെയ്തതോടെ സിനിമ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് തിരിച്ചറിയാന്‍ അവന് കഴിഞ്ഞു. തുടര്‍ന്ന് കുറച്ച് കാലങ്ങള്‍ക്ക് ശേഷമാണ് അപ്പു സിനിമയില്‍ അഭിനയിക്കാമെന്ന നിലപാടിലേക്ക് വന്നത്. തന്റെ മക്കളുടെ മേല്‍ ഇഷ്ടങ്ങളൊന്നും അടിച്ചേല്‍പ്പിക്കാല്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. അപ്പുവിന് ഇരുപത്തിയാറ് വയസായി. അവന്റെ ഈ പ്രായത്തില്‍ രാജാവിന്റെ മകന്‍ പോലുളള വലിയ സിനിമകള്‍ തന്റെ കരിയറില്‍ ഉണ്ടായി കഴിഞ്ഞിരുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.
മകന് വേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ക്കായി ഹെല്‍പ്പ് ചെയ്യാന്‍ തന്നെക്കൊണ്ട് സാധിച്ചേക്കും. അല്ലാതെ സെറ്റില്‍ എങ്ങനെ ഇടപെടണം സിനിമയില്‍ എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാനാകില്ല. അതൊരു മേയ്ക്ക് ബിലീഫാണ്. സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ശൈലിയാണ് സിനിമക്ക് ആവശ്യം. നല്ല സിനിമകള്‍ കിട്ടണമെന്നും അവ വിജയമാവണം എന്നും എന്റെ അച്ഛന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപോലെ അപ്പുവിന് വേണ്ടി പ്രാര്‍ത്ഥിക്കാനെ ഇപ്പോള്‍ കഴിയൂ. കാരണം സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിവുമാത്രമല്ല ഭാഗ്യവും കൂടി വേണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.
Leave a Reply