കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചും, പീഡന പരാതിയെക്കുറിച്ചും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്ത്.

സുഹൃത്തേ,

എനിക്ക് നിങ്ങളുടെ മുഖം ഓര്‍മ്മയില്ല. ശബ്ദം മാത്രമേ ഓര്‍മ്മയിലുള്ളു. നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ പറഞ്ഞ മറുപടിയും മറക്കാനാവുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. എന്റെ അച്ഛന്‍ന്റെയും അമ്മയുടെയും പേരില്‍ സമൂഹസേവനത്തിനും മനുഷ്യനന്മയ്ക്കുമായി രൂപീകരിച്ച ട്രസ്റ്റ് ആണ് ‘വിശ്വശാന്തി’ . നിശബ്ദമായി പലകാര്യങ്ങളും ഞങ്ങള്‍ ചെയ്യുന്നു. ഈ കഴിഞ്ഞ പ്രളയ ദുരന്തത്തില്‍ പെട്ടവര്‍ക്ക് ഒരുപാട് സഹായങ്ങള്‍ ഞങ്ങള്‍ എത്തിച്ചു . ഇപ്പോഴും ആ പ്രവര്‍ത്തി തുടരുന്നു.

അതിന്റെ ഭാഗമായി വിദേശത്തുനിന്നു സമാഹരിച്ച കുറേ സാധനങ്ങള്‍ ശനിയാഴ്ച കൊച്ചിയിലെ പോര്‍ട്ടില്‍ നിന്നും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കാനാണ് അതിരാവിലെ ഞാന്‍ കൊച്ചിന്‍ പോര്‍ട്ടില്‍ എത്തിയത്. ഞങ്ങള്‍ ക്ഷണിച്ചിട്ടാണ് അതിരാവിലെ തന്നെ അവിടെ മാധ്യമപ്രവര്‍ത്തകര്‍ വന്നത്. മാധ്യമപ്രവര്‍ത്തകരോട് ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുമ്പോഴാണ് നിങ്ങള്‍ അനവസരത്തിലുള്ള ഒരു ചോദ്യം എന്നോട് ചോദിച്ചത്.

േരളം ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമായതുകൊണ്ട് തീര്‍ച്ചയായും ആ ചോദ്യം പ്രസക്തവുമാണ്. പക്ഷെ ആ ചോദ്യത്തിന് പെട്ടെന്നൊരു മറുപടി പറയാന്‍ തക്കവണ്ണമുള്ള ഒരു മാനസികനിലയില്‍ ആയിരുന്നില്ല ഞാന്‍. ഒരു മനുഷ്യന്‍ എന്ന നിലയിലും ഒരു മകന്‍ എന്ന നിലയിലും എന്റെ മനസ്സ് അപ്പോള്‍ മറ്റൊരാവസ്ഥയിലായിരുന്നു. അതുകൊണ്ടാണ് എന്റെ ഉത്തരം അങ്ങിനെയായത്.

അവിടെ നടക്കുന്ന ആ കര്‍മ്മത്തെപ്പറ്റി ഒരു ചോദ്യം പോലും ചോദിക്കാതെ നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ പാടില്ലായിരുന്നു എന്ന് എന്റെ മനസ്സ് എന്നോട് പറഞ്ഞിട്ടുണ്ടാകാം… അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം എന്നില്‍ നിന്നും ഉണ്ടായത്. ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സില്‍ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് …

എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കില്‍ അത് ഒരു മൂത്ത ചേട്ടന്‍ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക ….. എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവര്‍ത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മള്‍ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങള്‍ക്കു ഞാന്‍ മറുപടി പറയേണ്ടതുമാണ്…

സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍