സ്വയം പാചകം ചെയ്ത് പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കാനുമൊക്കെ എന്നും ഇഷ്ടമുള്ള താരമാണ് മോഹൻലാൽ. അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും താരം വിദഗ്ധനാണെന്ന് പലപ്പോഴും സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണ്. ഒഴിവുസമയങ്ങളിൽ പാചകപരീക്ഷണങ്ങൾ നടത്താൻ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാൽ ഒരു സ്പെഷൽ ചിക്കൻ റോസ്റ്റാണ് ആരാധകർക്കായി പരിചയപ്പെടുത്തുന്നത്.

അധികം മസാലകൾ ചേർക്കാതെ ചേരുവകൾ ചതച്ചു ചേർത്താണ് ഈ സ്പെഷൽ ചിക്കൻ റോസ്റ്റ് തയ്യാറാക്കുന്നതെന്നും താരം പറയുന്നു. വീഡിയോയിൽ സുചിത്രയേയും മോഹൻലാലിന്റെ പ്രിയ ചങ്ങാതിയായ സമീർ ഹംസയേയും കാണാം.

ചേരുവകൾ

ചിക്കൻ- 500 ഗ്രാം
ചെറിയ ഉള്ളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
ഗരം മസാല
കടുക്
പെരുജീരകം
കറിവേപ്പില
വറ്റൽമുളക്- ചതച്ചത്
മഞ്ഞൾ
ഉപ്പ്
തേങ്ങ ചുട്ടത്- ഒരു കഷ്ണം

തയ്യാറാക്കുന്ന വിധം

ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ചുട്ടെടുത്ത തേങ്ങ എന്നിവ വെവ്വേറെ ചതച്ചെടുക്കുക.
ഒരു ചട്ടി എടുത്ത് അടുപ്പിൽ വച്ച് ചൂടാവുമ്പോൾ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക് ചതച്ചുവച്ച ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവയും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവശ്യാനുസരണം ഉപ്പ്, മഞ്ഞൾപ്പൊടി, പെരുജീരകം, കുരുമുളക് പൊടി, ഗരം മസാല, ചതച്ചുവച്ച വറ്റൽമുളക് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇതിലേക്ക് ചതച്ചുവച്ച തേങ്ങ കൂടി ചേർത്ത് വഴറ്റുക.കഴുകി വൃത്തിയാക്കിയ ചിക്കൻ കൂടി ചേർത്ത് നന്നായി വഴറ്റി ചെറുതീയിൽ അടച്ചുവെച്ചു വേവിക്കുക. ഒട്ടും വെള്ളം ചേർക്കേണ്ടതില്ല.

 

 

View this post on Instagram

 

A post shared by Mohanlal (@mohanlal)