രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോഴും മലയാളികളുടെ മനസിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരത്തിലുള്ള ക്രൂരതകൾ അരങ്ങേറില്ല എന്നാണ്. എന്നാൽ അതൊക്കെ വെറും സ്വപംനം മാത്രമാണെന്നേ ഇനി പറയാൻ കഴിയൂ.
കേരളത്തിലും ‘കാമഭ്രാന്തന്മാർ’ കൂടുതലാണ്. കേരളത്തിലെ ബലാത്സംഗം കേസുകളുടെ എണ്ണം പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാനാകും. മുൻ വർഷത്തേക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെ ബലാത്സംഗ കേസുകളിലുള്ളത്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ നീതികിട്ടാത്ത ഇരകളുടെ എണ്ണവും കൂടുകയാണെന്നാണ് റിപ്പോർട്ടുകൾ. മിക്ക കേസുകളിലും ഇരയോ സാക്ഷികളോ പ്രതികളുടെ സ്വാധീനത്തിനും ഭീഷണിക്കും വഴങ്ങി കൂറുമാറുന്ന സാഹചര്യവും നിലവിലുണ്ട്.
എട്ട് മാസം… 1537 കേസുകൾ…
2019-ൽ എട്ടുമാസത്തിനിടെ രജിസ്റ്റർചെയ്തത് 1537 ബലാത്സംഗ കേസുകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2017 വരെ 1,28,000 ബലാത്സംഗകേസുകളാണ് വിചാരണ കാത്തിരിക്കുന്നത്. വർഷം ശരാശരി 15 ശതമാനം കേസുകളിലേ വിചാരണ പൂർത്തിയാകുന്നുള്ളൂ. കേരളത്തിലാകട്ടെ ഇത് അഞ്ചുശതമാനത്തിൽ താഴെ മാത്രം. അത് മാത്രമല്ല ബലാത്സംഗകേസുകളിൽ വൈദ്യപരിശോധന നടത്താൻ ലാബുൾപ്പെടെയുള്ള സംവിധാനങ്ങളില്ല എന്നതും പ്രധാന പ്രശ്നങ്ങളിലൊന്നാണ്.
ഫോറൻസിക് ഫലം വൈകുന്നു
നാലായിരത്തോളം കേസുകൾ ഫൊറൻസിക് ഫലം കാത്തിരിക്കുന്നു. ഫൊറൻസിക് ജീവനക്കാരും കുറവാണ്. 400 പേർ വേണ്ടിടത്ത് 100-ൽ താഴെപേരേയുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികൾക്കെതിരായ ബലാത്സംഗ കേസുകൾ അഞ്ചിരട്ടിയായി വർദ്ധിച്ചെന്നും റിപ്പോർട്ടുകളിൽ നിന്ന് വ്യക്തം. ദാരിദ്ര്യം, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മൊബൈൽ ഫോൺ-ഇന്റർനെറ്റ് ദുരുപയോഗം എന്നിവയാണ് കുട്ടികൾക്കെതിരായ ബലാത്സംഗങ്ങൾ വർധിക്കാൻ കാരണമെന്നും വ്യക്തമാക്കുന്നു.
കുട്ടികൾക്കെതിരായ അതിക്രമം
2019 ജനുവരി മുതൽ ആഗസ്ത് കുട്ടികൾക്കെതിരായ 1537 ബാലാത്സംഗ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2009ൽ കുട്ടികൾക്കെതിരായ പീഡനകേസുകൾ 554 എണ്ണമാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ തുടർന്നുള്ള വർഷങ്ങൾ മുന്നോട്ട് പോകുന്തോറും കേസുകളുടെ എണ്ണം വർധിച്ച് വരികയായിരുന്നു. 2010ൽ 617, 2011ൽ 1132, 2012ൽ 1019, 2013ൽ 1221, 2014ൽ 1347, 2015ൽ 1256, 2016ൽ 1656, 2017ൽ 2003, 2018ൽ 2105 എന്നിങ്ങെനയാണ് കണക്കുകൾ.
കൂടുതൽ എറണാകുളത്ത്
2019 ജനുവരി മുതൽ ആഗസ്ത് വരെയുള്ള ബലാത്സംഗ കേസുകളുടെ കണക്ക് എടുത്താൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് എറണാകുളത്താണ്. 1601 ബലാത്സംഗ/പീഡന കേസുകളാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തൊട്ടു പിറകിൽ തിരുവനന്തപുരം ജില്ലയിലാണ്. 211 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊല്ലം-131, പത്തംനതിട്ട-68, ആലപ്പുഴ-78, കോട്ടയം-81, ഇടുക്കി-71, തൃശൂർ-137, പാലക്കാട്-116, മലപ്പുറം-150, കോഴിക്കോട്-119, വയനാട്-67, കണ്ണൂർ-72, കാസർകോട്-70, റെയിൽവെ-3, ക്രൈംബ്രപാഞ്ച്-3 എന്നിങ്ങനെയാണ് കണക്കുകൾ.
പ്രതിദിനം 5 ബലാത്സംഗ കേസുകൾ
കേരളത്തിൽ പ്രതിദിനം അഞ്ച് ബലാത്സംഗം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ദേശീയ തലത്തിൽ ഒരു ദിവസം 90 ബലാത്സംഗങ്ങൾ എന്നാണ് കേന്ദ്രത്തിന്റെ ഔദ്യോഗിക കണക്ക്. ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2016വരെ സ്ത്രീകൾക്കെതിരെയുള്ള ആകെ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് കുത്തനെ വർധിക്കുകയായിരുന്നു. പിന്നിടുള്ള മൂന്ന് വർഷം കാര്യമായ മാറ്റങ്ങളില്ലാതെ നീങ്ങുകയായിരുന്നു.
ദേശീയ തലത്തിൽ ഞെട്ടിക്കുന്ന കണക്കുകൾ
കേരളത്തെ അപേക്ഷിച്ച് ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. ഔദ്യോഗിക വാർത്ത ഏജൻസി പുറത്ത് വിട്ട കണക്ക് അനുസരിച്ച് ഒരു വർഷം 32000 കേസുകളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്യുന്നത്. ദിവസം 90 ബലാത്സംഗങ്ങളും രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് ഖണക്കുകൾ സൂചിപ്പിക്കുന്നത്. നിയമം കർശനമാക്കിയത് വലിയ വിഭാഗം ജനങ്ങൾ അറിയുന്നില്ലെന്നതാണ് വാസ്തവം. ഒന്നര ലക്ഷം ബലാത്സംഗ കേസുകൾ കോടതിയിലെത്തിയപ്പോൾ അതിൽ തീർപ്പ് കൽപ്പിച്ചത് 18300 കേസുകളിൽ മാത്രമാണ്.
Leave a Reply