തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയുടെ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത കെ.എം.ഷാജഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജാമ്യം. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെ.എം. ഷാജഹാന്‍, എസ്‌യുസിഐ പ്രവര്‍ത്തകരായ ഷാജിര്‍ ഖാന്‍, മിനി, ശ്രീകുമാര്‍, തോക്ക് സ്വാമി എന്ന ഹിമവല്‍ ഭദ്രാനന്ദ എന്നിവര്‍ക്കാണ് ജാമ്യം കിട്ടിയത്. ഗൂഢാലോചന ആരോപിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജില്ല വിട്ട് പുറത്തുപോകരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. 15,000 രൂപയും രണ്ട് ആള്‍ജാമ്യവും നല്‍കിയാണ് ഇവരെ പുറത്തു വിട്ടത്. ജാമ്യമില്ലാ വകുപ്പുകളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. സമരത്തിന് മാധ്യമശ്രദ്ധ കിട്ടാന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നായിരുന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരം ഒത്തുതീര്‍പ്പായെങ്കിലും ആറുദിവസമായി ഇവര്‍ അഞ്ചുപേരും റിമാന്‍ഡിലായിരുന്നു. ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ മഹിജയെയും കുടുംബാംഗങ്ങളെയും പോലീസ് വലിച്ചിഴക്കുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരോടൊപ്പം കെ.എം ഷാജഹാന്‍ ഉള്‍പ്പെടെയുളള മറ്റു അഞ്ചുപേരെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.