എടത്വ: മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപകനും ചങ്ങനാശ്ശേരി അതിരൂപതാ യുവദീപ്തി സ്ഥാപക ഡയറക്ടറുമായ മോണ്‍. ജയിംസ് പറപ്പള്ളി (85) നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് സഹോദരന്‍ പി.സി. തോമസിന്റെ വീട്ടില്‍ ആരംഭിക്കും. രണ്ടിന് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ കുര്‍ബാനയ്ക്കും ശുശ്രൂഷകള്‍ക്കും ശേഷം ഉത്ഥാന ചാപ്പലില്‍.

1934 ജൂലൈ ഒന്‍പതിന് ജനിച്ച മോണ്‍. ജയിംസ് പറപ്പള്ളി 1959 മാര്‍ച്ച് 13 ന് അഭിവന്ദ്യ കാവുകാട്ട് പിതാവില്‍ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചു. സ്വന്തം ഇടവകയായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ അസി. വികാരിയായി സേവനം ആരംഭിച്ചു. ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ആയിരുന്ന മാര്‍ ആന്റണി പടിയറയുടെ സെക്രട്ടറിയായും 13 വര്‍ഷത്തോളം ചങ്ങനാശ്ശേരി എസ്ബി കോളേജ് പ്രഫസറായും അമല ഹോസ്റ്റല്‍ ചാപ്‌ളയിനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
25 വര്‍ഷത്തോളം വടക്കേ അമേരിക്കയിലെ ഷിക്കാഗോ രൂപതാ ഫ്‌ളോറിഡ ഔര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്, പോംപാനോ ബീച്ച് ചര്‍ച്ച് എന്നീ പള്ളികളില്‍ വികാരിയായും കരുണാപുരം സെന്റ് മേരീസ്, ചാഞ്ഞോടി സെന്റ് സെബാസ്റ്റ്യന്‍, കായല്‍പുറം സെന്റ് ജോസഫ്, തിരുവനന്തപുരം ലൂര്‍ദ്ദ് ഫൊറോനാപള്ളി എന്നിവടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. 2008 മാര്‍ച്ചില്‍ അമേരിക്കയിലെ മയാമി രൂപത അച്ചന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കി ആദരിച്ചു.


തന്റെ ജന്മനാട്ടില്‍ ജനങ്ങള്‍ മതിയായ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടരുതെന്ന ആഗ്രഹത്തോടെ രണ്ടായിരത്തില്‍ അച്ചന്‍ എടത്വായില്‍ മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സ്ഥാപിച്ചത്. മൃതദേഹം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മഹാജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സഹോദരന്റെ ഭവനത്തിലേക്ക് കൊണ്ട്‌പോകും.
സഹോദരങ്ങള്‍. സിസ്റ്റര്‍ മര്‍സലീന്‍ എസ്എബിഎസ് (ആരാധനാമഠം എടത്വ), പി.സി. തോമസ്, പരേതരായ മേരിക്കുട്ടി തയ്യില്‍ കിഴക്കേതില്‍ (ഫാത്തിമാപുരം) പി.സി. ഫിലിപ്പ് (ഷൊര്‍ണൂര്‍), ത്രേസ്യാമ്മ വലിയകളം (മണലാടി).