സംസ്ഥാനത്ത് കുരങ്ങുപനി (മങ്കിപോക്‌സ്) സംശയിച്ച് ഒരാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇയാളില്‍നിന്ന് സാമ്പിൾ സ്വീകരിച്ച് പൂനെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരം ഫലം വന്നശേഷം പോസിറ്റീവ് ആണെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കും. യുഎഇയിൽ നിന്നെത്തിയ ആൾ ഏത് ജില്ലക്കാരനെന്ന് ഫലം വന്നശേഷം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് ലക്ഷണങ്ങൾ. ഇയാൾക്ക് കൂടുതൽ ആളുകളുമായി സമ്പർക്കമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ള രാജ്യമാണ് യുഎഇ. കുരങ്ങുപനി വ്യാപകമാകുമെന്നും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള കഴിഞ്ഞയാഴ്ച ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നറിയിപ്പു നല്‍കിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നും പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും സംഘടന വ്യക്‌തമാക്കി.
പശ്‌ചിമ-മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ 11 രാജ്യങ്ങളില്‍ കുരുങ്ങുപനി പ്രാദേശിക രോഗമാണ്. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും വൈറസ് പടര്‍ന്നതാണ് ആരോഗ്യ വിദഗ്‌ധരെ ആശങ്കയിലാക്കുന്നത്. ആഫ്രിക്കയ്‌ക്കു പുറത്ത് ഇരുന്നൂറിലേറെ കേസുകള്‍ കണ്ടെത്തിയത് രോഗവ്യാപനത്തിന്റെ തുടക്കം മാത്രമാണെന്ന് ലോകാരോഗ്യസംഘടനയുടെ പകര്‍ച്ചവ്യാധി വിഭാഗം മേധാവി സില്‍വി ബ്രയാന്‍ഡ് ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകും. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരിലാണ് കൂടുതല്‍ കേസുകളും കണ്ടെത്തിയതെന്നും ആരോഗ്യ ഏജന്‍സികള്‍ അറിയിച്ചു.
മേയ് ആദ്യം യു.കെയിലാണ് ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്‌തത്. അതിനുശേഷം, രാജ്യത്ത് വൈറസ് അതിവേഗം പടര്‍ന്നു, ഇപ്പോള്‍ രോഗികളുടെ എണ്ണം 90 ആയി ഉയര്‍ന്നു. സ്‌പെയിനില്‍ ഇതുവരെ 98 കേസുകള്‍ സ്‌ഥിരീകരിച്ചു. പോര്‍ചുഗലില്‍ 74 പേര്‍ക്കാണ് കുരങ്ങുപനി സ്‌ഥിരീകരിച്ചത്. 40 വയസില്‍ താഴെ പ്രായമുള്ള പുരുഷന്‍മാരാണ് രോഗബാധിതര്‍.
പനി, പേശിവേദന, മുറിവുകള്‍, വിറയല്‍ എന്നിവയാണ് മനുഷ്യരില്‍ കുരങ്ങുപനിയുടെ സാധാരണ ലക്ഷണങ്ങള്‍. മൂന്നു മുതല്‍ ആറ് ശതമാനം വരെയാണു മരണനിരക്ക് എന്നത് ആശ്വാസകരമാണ്. രോഗബാധിതര്‍ മൂന്നോ നാലോ ആഴ്‌ചകള്‍ക്കുള്ളില്‍ത്തന്നെ സുഖം പ്രാപിക്കുന്നതും ശുഭസൂചകമാണ്. അതേസമയം, കുരങ്ങുപനിക്ക് നിലവില്‍ പ്രത്യേക ചികിത്സയില്ലെന്നതാണ് പ്രധാന വെല്ലുവിളി. വസൂരിയെ നേരിടാൻ ഉപയോഗിച്ചിരുന്ന വാക്സീനാണ് നിലവിൽ മങ്കിപോക്സിനും നൽകുന്നത്. ഇത് 85% ഫലപ്രദമാണ്.
Leave a Reply