കൊച്ചി : തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം പതിവിലും നേരത്തേയെന്നു സൂചന. ഈ മാസം മൂന്നാമത്തെ ആഴ്‌ചയോടെ മണ്‍സൂണ്‍ കേരളത്തിലെത്താനുള്ള എല്ലാ അനൂകൂല ഘടകങ്ങളുമുള്ളതായിട്ടാണു ഗവേഷകരുടെ നിഗമനം. ഈ മാസം മധ്യത്തോടെ ബംഗാള്‍ ഉള്‍ക്കടലിലും പിന്നാലെ അറബിക്കടലിലും ന്യൂനമര്‍ദ്ദങ്ങള്‍ രൂപമെടുക്കാനുള്ള സാധ്യതയേറി. ഇതിന്‌ അനുബന്ധമായി കാലവര്‍ഷവും പെയ്‌തിറങ്ങുമെന്നാണു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്‌ഥാ റഡാര്‍ ഗവേഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

സാധാരണ ജൂണ്‍ ഒന്നിനാണു മണ്‍സൂണ്‍ കേരളത്തില്‍ പെയ്‌തു തുടങ്ങുന്നത്‌. കഴിഞ്ഞ സീസണിലും ജൂണ്‍ ഒന്നിനാണു മഴ തുടങ്ങിയത്‌. രണ്ടായിരത്തിനു ശേഷം മേയില്‍ കാലവര്‍ഷം ആരംഭിച്ചതായി രേഖപ്പെടുത്തിയിട്ടില്ല. ചില വര്‍ഷങ്ങളില്‍ ജൂണ്‍ ആദ്യവാരം പിന്നിട്ട ശേഷം മണ്‍സൂണ്‍ എത്തിയിരുന്നു. എന്നാല്‍, ഇക്കുറി അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക്‌ സമുദ്രത്തിലും മണ്‍സൂണ്‍ നേരത്തേ പെയ്യാനുള്ള അനുകൂല കാലാവസ്‌ഥാ സാഹചര്യം രൂപപ്പെട്ടു കഴിഞ്ഞു. പടിഞ്ഞാറു നിന്നു കിഴക്കോട്ടുള്ള വായുപ്രവാഹമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എം.ജെ.ഒ.) എന്ന ആഗോള മഴപ്പാത്തിയും സജീവമായതു മണ്‍സൂണിനെ തുണച്ചു.

  മൃതദേഹത്തിന് മുന്നില്‍ ബ്രഹ്മദനത്തന്‍ തുമ്പികൈ ഉയര്‍ത്തി പ്രണാമം; പ്രിയപാപ്പനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ പ്രിയപ്പെട്ട ആനയെത്തിയപ്പോൾ, കണ്ടുനിന്നവരെയും കണ്ണിനു ഈറനണിയിച്ചു.....

കാറ്റും മേഘപാളികളും സംയോജിച്ചുണ്ടാകുന്നതാണ്‌ ആഗോള മഴപ്പാത്തി. കാറ്റിനൊപ്പം മഴമേഘങ്ങളുടെയും സഞ്ചാരം വേഗത്തില്‍ ഉപഭൂഖണ്ഡത്തിലേക്ക്‌ എത്താനുള്ള സാധ്യതയാണ്‌ എം.ജെ.ഒയിലൂടെ ഉരുത്തിരിഞ്ഞിരിക്കുന്നത്‌. കിഴക്കന്‍ പസഫിക്‌ സമുദ്രത്തിലെ താപനില കുറയുന്ന ലാനിന പ്രതിഭാസത്തിലൂടെ മണ്‍സൂണ്‍ മഴയ്‌ക്കു ഗുണകരമാകുന്ന വായുപ്രവാഹവും സംജാതമായിത്തീര്‍ന്നിരിക്കുകയാണ്‌. രാജ്യമൊട്ടാകെ സാധാരണ മഴയാണ്‌ കാലാവസ്‌ഥാ ഗവേഷണ കേന്ദ്രം ഇക്കുറി പ്രവചിച്ചിരിക്കുന്നതെങ്കിലും കേരളത്തില്‍ മഴ കൂടുതലായിരിക്കുമെന്നാണ് പ്രവചനം.