തെക്കൻജില്ലകളിൽ പേമാരി വരുത്തിവെച്ചത് ജീവഹാനിക്ക് പുറമെ കോടികളുടെ നാശനഷ്ടവും. ശക്തമായ വെള്ളമൊഴുക്കിലും ഉരുൾപൊട്ടലിലും കാഞ്ഞിരപ്പള്ളി താലൂക്കിൽ വ്യാപകനാശം. 184 വീടുകൾ പൂർണമായും 455 വീടുകൾ ഭാഗികമായും 646 വീടുകളിൽ വെള്ളംകയറിയും നശിച്ചതായിട്ടാണ് കണക്കാക്കുന്നത്.
കൂട്ടിക്കൽ വില്ലേജിൽ 50 വീടുകൾ പൂർണമായും 150 വീടുകൾ ഭാഗികമായും തകർന്നു. ഇടക്കുന്നം വില്ലേജിൽ 55 വീടുകൾ പൂർണമായും 45 വീടുകൾ ഭാഗികമായും തകർന്നു. മുണ്ടക്കയം വില്ലേജിൽ 39 വീടുകൾ പൂർണമായും, 82 വീടുകൾ ഭാഗികമായും തകർന്നു.
കാഞ്ഞിരപ്പള്ളി വില്ലേജിൽ ഏഴ് വീടുകൾ പൂർണമായും 78 വീടുകൾ ഭാഗികമായും തകർന്നു. കൂവപ്പള്ളി വില്ലേജിൽ 14 വീടുകൾ പൂർണമായും ഏഴ് വീടുകൾ ഭാഗികമായും തകർന്നു, എരുമേലി വടക്ക് വില്ലേജിൽ 14 വീടുകൾ പൂർണമായും, 15 വീടുകൾക്ക് ഭാഗികനാശമുണ്ടായി. എരുമേലി തെക്ക് വില്ലേജിൽ രണ്ട് വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും നശിച്ചു.
മണിമല, ചിറക്കടവ്, ചെറുവള്ളി വില്ലേജുകളിൽ ഓരോ വീടുകളാണ് പൂർണമായി തകർന്നത്. ചെറുവള്ളിയിൽ 45, മണിമലയിൽ ഏഴ്, ചിറക്കടവിൽ രണ്ട്, കോരൂത്തോട് വില്ലേജിൽ 14 വീടുകളും ഭാഗികമായി തകർന്നു. ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരമാണിത്. വരും ദിവസങ്ങളിലെ കണക്കുകൾ ഇനിയും ഉയരാനാണ് സാധ്യത.
കാഞ്ഞിരപ്പള്ളിയിൽ വ്യാപാരി വ്യവസായി ഏകോപനസമിതി നടത്തിയ കണക്കെടുപ്പിൽ 6.75 കോടി രൂപയുടെ നാശനഷ്ടമാണ് ഇതുവരെ വിലയിരുത്തിയത്. മേഖലയിലെ 120 കടകളിൽനിന്നുള്ള വിവര ശേഖരണത്തിലാണ് കോടികളുടെ നഷ്ടം കണക്കാക്കിയത്. കടയിലെ സാധനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പൂർണമായും നശിച്ചു. കാഞ്ഞിരപ്പള്ളി മേഖലയിൽ ആദ്യമായിട്ടുണ്ടാകുന്ന വെള്ളപ്പൊക്കമായതിനാൽ മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നതും നഷ്ടങ്ങളുടെ ആക്കം വർധിപ്പിച്ചു.
കാഞ്ഞിരപ്പള്ളി താലൂക്കിൽ 13.99 കോടി രൂപയുടെ കൃഷി നാശമുണ്ടായതായാണു പ്രാഥമിക കണക്കുകൾ. കൂട്ടിക്കൽ-12.33 കോടി, കാഞ്ഞിരപ്പള്ളി-65 ലക്ഷം, പാറത്തോട്-58.6 ലക്ഷം, എരുമേലി-18 ലക്ഷം, മുണ്ടക്കയം-15.6 ലക്ഷം, മണിമല-7.5 ലക്ഷം, കോരൂത്തോട്-5.46 ലക്ഷം. വാഴ, കപ്പ, ജാതി, കൊക്കോ, തെങ്ങ്, കമുക്, കുരുമുളക്, പൈനാപ്പിൾ, പച്ചക്കറി, റബ്ബർ തുടങ്ങിയ കൃഷികളാണ് നശിച്ചത്.
Leave a Reply