ഷിബു മാത്യൂ

യുകെയിലെ സാംസ്കാരിക നഗരമായ ലിവർപൂളിൽ താമസിക്കുന്ന പാലാ കൊല്ലപ്പിള്ളി സ്വദേശി ബിനോയി ജോർജ്ജിനാണ് കള്ളന്മാർ തട്ടിക്കൊണ്ട് പോയ കാർ ഇടിച്ചു പരിക്കേറ്റത്. ബിനോയി മകനുമൊത്ത് സെന്റ് ഹെലൻസിൽ നിന്ന് ലിവർപൂളിലെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചായിരുന്നു ലിവർപൂൾ പോലീസ് ചെയ്‌സ് ചെയ്ത കള്ളൻമാരുടെ കാർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ വന്ന ബിനോയി ഓടിച്ചിരുന്ന കാറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബിനോയിയുടെ കാർ പൂർണ്ണമായും തകർന്നു.

ഫയർ ബ്രിഗേഡ് വന്ന് ബിനോയി ഓടിച്ചിരുന്ന വോൾവോ XC -60 വെട്ടി പൊളിച്ചാണ് ബിനോയിയെയും, മകനെയും പുറത്തിറക്കിയത് . തുടർന്ന് വിസ്റ്റൺ ഹോസ്പിറ്റലിൽ ബിനോയിയെ അഡ്മിറ്റ് ചെയ്തു. ഗുരുതരമായ പരിക്കുകൾ ഇല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.

വോൾവോയുടെ കാറിന്റെ ഇൻബിൽറ്റ് ക്വാളിറ്റി വളരെ നല്ലതായത് കൊണ്ട് ബിനോയ്ക്കും, മകനും കാര്യമായ പരിക്ക് ഇല്ലാതെ രക്ഷപെട്ടു. കാർ മോഷ്ടാക്കളെ ലിവർപൂൾ പോലീസ് അറസ്റ്റ് ചെയ്തു. അര മണിക്കൂറോളം ചെയ്സ് ചെയ്തിട്ടാണ് പോലീസ് ഇവരെ അറസറ്റ് ചെയ്തത്.