കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അലവിൽ സ്വദേശികളായ പ്രേമരാജൻ, ഭാര്യ എകെ ശ്രീലേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരമാണ് സംഭവം. വയോധികരായ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നലയിൽ കണ്ടെത്തുകയായിരുന്നു. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്.
വളപട്ടണം പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾക്കടുത്തുനിന്ന് ചുറ്റികയും മറ്റൊരു ഭാരമുള്ള വസ്തുവും കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ശ്രീലേഖയുടെ തലയ്ക്ക് പിറകിൽ പൊട്ടുള്ളതായി കണ്ടെത്തി. ഇത് അടിയേറ്റ് വീണതാവാം എന്നാണ് പൊലീസ് കരുതുന്നത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി വരികയാണ്. ഇതിന് ശേഷം മാത്രമാണ് കൊലപാതകമാണോ എന്ന് പറയാനാവൂ. സംസ്ഥാന മന്ത്രിസഭയിലെ മുതിർന്ന മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരീ പുത്രിയാണ് ശ്രീലേഖ. അതിനാൽ തന്നെ വളരെ ഗൗരവത്തോടെയാണ് പൊലീസ് സംഭവത്തെ കാണുന്നത്. ഇന്ന് രാത്രി ഇവരുടെ മകൾ വിദേശത്ത് നിന്ന് എത്തുമെന്ന് വിവരം ലഭിച്ചിരുന്നു. അതിന് മുമ്പാണ് മരണം സംഭവിച്ചിരിക്കുന്നത്.
അതേസമയം, ഇവർക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റു തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകളാണോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ദമ്പതികളുടെ മകനെ എയർപോർട്ടിൽ നിന്ന് കൊണ്ടുവരാൻ എത്തിയതായിരുന്നുവെന്ന് പ്രേമരാജന്റെ ഡ്രൈവർ സരോഷ് പറഞ്ഞു. മൃതദേഹത്തിന് സമീപം ചുറ്റികയും ബോട്ടിലും ഉണ്ടായിരുന്നു. പ്രേമരാജന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടിയ നിലയിലും മുറിയിൽ രക്തവും കണ്ടെന്നും ഡ്രൈവർ പറഞ്ഞു.
Leave a Reply