ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യില്‍ സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചപ്പോള്‍ സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ആരവം 16-ാം ഓവറിലെ രണ്ടാം പന്തിലാണ് അവസാനിച്ചത്. മലയാളികള്‍ ഒന്നടങ്കം കാത്തിരുന്ന സഞ്ജു സാംസണ്‍ ഇന്നിങ്സ് ഡൂബ്ലിനില്‍ പിറന്നു. നീലക്കുപ്പായത്തില്‍ 42 പന്തില്‍ 77 റണ്‍സ്, ഒന്‍പത് ഫോറും നാലു സിക്സറുകളും.

രാജസ്ഥാന്‍ റോയല്‍സിന്റെ നായകന്‍ ഐപിഎല്‍ സീസണില്‍ കാണിച്ച പക്വത തന്റെ കരിയറിലെ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ പുറത്തെടുത്തു. നേരിട്ട ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെയായിരുന്നു സഞ്ജുവിന്റെ തുടക്കം. കരുതലോടെയാണ് ഓരോ പന്തിനേയും നേരിട്ടിത്. പന്ത് കണ്ടാല്‍ അടിച്ച് പറത്താന്‍ തോന്നുമെന്ന സ്വന്തം വാചകം മറന്നുള്ള ബാറ്റിങ് പ്രകടനം.

മറുവശത്ത് ദീപക് ഹൂഡ വെടിക്കെട്ട് പ്രകടനം നടത്തുമ്പോഴും സഞ്ജു ആവേശം കാണിച്ചില്ല. നോണ്‍ സ്ട്രൈക്കര്‍ എന്‍ഡില്‍ നിന്ന് മികച്ച പിന്തുണ നല്‍കി. പക്ഷെ കിട്ടിയ അവസരങ്ങളിലെല്ലാം സഞ്ജു ബൗണ്ടറികള്‍ കണ്ടെത്തി. അയര്‍ലന്‍ഡിന്റെ ഫീല്‍ഡിങ് തന്ത്രങ്ങളെ ക്ലാസുകൊണ്ട് മറികടന്നു വലം കയ്യന്‍ ബാറ്റര്‍.

24 പന്തില്‍ നിന്ന് കേവലം 28 റണ്‍സ് മാത്രമായിരുന്നു എട്ടാം ഓവര്‍ പിന്നിടുമ്പോള്‍ സഞ്ജുവിന്റെ സമ്പാദ്യം. എന്നാല്‍ പിന്നീട് സഞ്ജു സ്വന്തം ശൈലിയില്‍ ബാറ്റ് വീശി തുടങ്ങി. സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള താരത്തിന്റെ മികവായിരുന്നു പിന്നീട് കണ്ടത്. ഗാരത് ഡെലനിയുടെ ഓവറില്‍ ഫോറും സിക്സും നേടിയായിരുന്നു തുടക്കം.

31-ാം പന്തില്‍ ബൗണ്ടറിയുടെ അകമ്പടിയോടെ ഇന്ത്യയ്ക്കായി ആദ്യ അര്‍ധ സെഞ്ചുറി സഞ്ജു നേടി. അയര്‍ലന്‍ഡ് ബോളര്‍മാരെല്ലാം സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. ഡെലനിയുടെ നാലാം ഓവറിലെ അവസാന രണ്ട് പന്തുകളും സ‍ഞ്ജു അതിര്‍ത്തി കടത്തി. മാര്‍ക്ക് അഡൈറിന്റെ പന്തില്‍ ബൗള്‍ഡായ നിമിഷം വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായി ഇന്നിങ്സ്.

നേരിട്ട അവസാന 18 പന്തുകളില്‍ 49 റണ്‍സാണ് സഞ്ജു നേടിയത്. ട്വന്റി 20 ലോകകപ്പ് ടീമിലെത്താന്‍ താന്‍ യോഗ്യനാണെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കുകയായിരുന്നു മലയാളി താരം. മധ്യ ഓവറുകളില്‍ സ്കോറിങ്ങിന് വേഗം കൂട്ടാന്‍ സാധിക്കുന്നില്ല എന്ന ടീമിന്റെ പോരായ്മയ്ക്ക് ഉത്തരമാണ് സഞ്ജു സാംസണ്‍.