ഡോൺബോസ്കോ ഐ.ഡി.യിൽനിന്ന് ആര്യയ്ക്ക് ആരാണ് മെയിൽ അയച്ചതെന്ന വിവരങ്ങൾ പോലീസിന് തിങ്കളാഴ്ച ലഭിക്കും. ഏത് സെർവറിൽനിന്നാണ് ഇവ വന്നതെന്ന വിവരം ഗൂഗിൾ കൈമാറും. ഈ വിവരങ്ങൾ ലഭിക്കുന്നതോടെ ആരുടെ പ്രേരണയിലാണ് ഇവർ ഈ ജീവിതം തിരഞ്ഞെടുത്തതെന്ന്‌ മനസ്സിലാകുമെന്ന് പോലീസ് പറഞ്ഞു. നവീൻതന്നെയാണ് ഡോൺബോസ്കോ എന്ന വ്യാജ ഇ-മെയിൽ ഐ.ഡി. കൈകാര്യംചെയ്തിരുന്നതെന്ന നിഗമനത്തിലാണ് നിലവിൽ പോലീസ് സംഘം.

അതിനിടെ വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന നവീന്റെ കാറിൽനിന്ന് പ്രത്യേകതരത്തിലുള്ള കല്ലുകളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾ അണിയുന്ന ഷാളുകളും കണ്ടെത്തി. കത്തികളും അന്യഗ്രഹജീവിയുടെ ചിത്രങ്ങളും കാറിലുണ്ടായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

ലോകത്ത് വൻവെള്ളപ്പൊക്കമുണ്ടാകുമെന്നും എല്ലാവരും മരിക്കുമെന്നും സമുദ്രനിരപ്പിൽനിന്ന് ഉയർന്ന പ്രദേശങ്ങൾ തിരഞ്ഞെടുത്താൽ രക്ഷപ്പെട്ട് അന്യഗ്രഹത്തിലെത്താമെന്നും ഇവർ വിശ്വസിച്ചെന്നാണ് പോലീസ് നിഗമനം. ഇങ്ങനെയാവാം അരുണാചലിലെ സിറോ തിരഞ്ഞെടുത്തത്‌.

നവീനാണ് കടുത്ത അന്ധവിശ്വാസം പിന്തുടർന്നത്. പിന്നീട് ദേവിയും ആര്യയും ഇയാൾ പറയുന്നത് വിശ്വസിക്കുകയായിരുന്നു. മറ്റു ഗ്രഹങ്ങളെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്ന വ്യക്തിയായിരുന്നു ആര്യ. ഇതാകാം നവീന് തുണയായതെന്നാണ് പോലീസ് പറയുന്നത്. മരിച്ചവരുടെ വീടുകൾ പോലീസ് പരിശോധിച്ചെന്നും മെയിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണം അവസാനഘട്ടത്തിലെത്തിയെന്നും ഡി.സി.പി. പി. നിധിൻരാജ് പറഞ്ഞു.