ഇംഗ്ലണ്ട് ലോകകപ്പിലെ തങ്ങളുടെ ആദ്യ മല്‍സരത്തില്‍ ഇറാനെ 6-2ന് വീഴ്ത്തിയതോടെ ആരാധകര്‍ ആവേശത്തിലാണ്. ഈ ആവേശം ടിക്കറ്റിനായുള്ള ഓട്ടപ്പാച്ചിലിലും പ്രകടമാണ്. ഇംഗ്ലണ്ടിന്റെ കളിയുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു പോയിരുന്നെങ്കിലും ടിക്കറ്റുകള്‍ പുനര്‍വില്‍പനയ്ക്ക് വയ്ക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോഴും ലഭ്യമാണ്.

ഇത്തരം കമ്പനികള്‍ കോടികളാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നതിലൂടെ ഉണ്ടാക്കുന്നത്. ഇത്തരത്തിലൊരു സൈറ്റായ ടിക്കോംബോയില്‍ ഒരു ടിക്കറ്റ് വാങ്ങണമെങ്കില്‍ രണ്ടരലക്ഷം രൂപ മുടക്കേണ്ടി വരും. ഇത്തരത്തില്‍ 500 ടിക്കറ്റുകള്‍ തങ്ങള്‍ വില്‍പ്പനയ്ക്കായി വച്ചിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതുവഴി കോടികള്‍ സമ്പാദിക്കാമെന്ന് കമ്പനി കണക്കുകൂട്ടുന്നു.

ഇംഗ്ലണ്ട് ആദ്യ മല്‍സരത്തില്‍ വമ്പന്‍ ജയം നേടിയതോടെ ആരാധകരും ആവേശത്തിലാണ്. ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരുടെ പട്ടികയിലും ഇംഗ്ലണ്ട് ഇടംപിടിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ടിക്കറ്റിന് വലിയ ഡിമാന്റ് ഉണ്ടാകാന്‍ കാരണം. നിരവധി ഇംഗ്ലീഷ് ആരാധകര്‍ ടിക്കറ്റില്ലാതെ ഖത്തറില്‍ എത്തിയിട്ടുണ്ട്.

എങ്ങനെയെങ്കിലും ടിക്കറ്റ് കിട്ടിയാല്‍ സ്റ്റേഡിയത്തിലെത്തി കാണണം ഇല്ലെങ്കില്‍ ഫാന്‍ പാര്‍ക്കുകളില്‍ കളി കണ്ട് ആവേശത്തില്‍ പങ്കുചേരണമെന്ന ആവേശമാണ് പലരെയും ഖത്തറിലെത്തിക്കുന്നത്. അതേസമയം, ഇത്തരത്തില്‍ വ്യാജ സൈറ്റുകളില്‍ നിന്ന് ടിക്കറ്റ് വാങ്ങിയാല്‍ പണം പോയേക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കുന്നുണ്ട്.