ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ജൂണ്‍ 12-ാം തീയതി ആയിരുന്നു ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്ക് ഉള്ളിൽ എയര്‍ ഇന്ത്യ 171 വിമാനം നിലംപതിച്ചത്. ഇപ്പോഴിതാ വിമാനം പ്രവർത്തിപ്പിച്ച പൈലറ്റ് മനഃപൂര്‍വ്വം അപകടം ഉണ്ടാക്കിയതാകാമെന്ന ആരോപണങ്ങളാണ് മുന്നോട്ട് വന്നിരിക്കുന്നത്. ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്ക് ശേഷം രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും “കട്ട്ഓഫ്” സ്ഥാനത്തേയ്ക്ക് മാറ്റിയതായി അന്വേഷണത്തിൽ കണ്ടെത്തി. കോക്ക്പിറ്റിൽ നിന്നുള്ള ശബ്ദ റെക്കോർഡിംഗുകളിൽ ഒരു പൈലറ്റ് ഇന്ധനം വിച്ഛേദിച്ചത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നതും മറ്റൊരാൾ താൻ അത് ചെയ്തില്ലെന്നും പറയുന്നത് കേൾക്കാം.
ഒരു പ്രത്യേക സ്ലോട്ടില്‍ തുടരുന്ന തരത്തിലാണ് ഇന്ധന സ്വിച്ചുകളുടെ രൂപകല്‍പ്പന. സ്വിച്ച് വലിച്ചുയര്‍ത്തി വേണം അവ മുകളിലേക്കോ താഴേക്കോ നീക്കാന്‍. അതിനാല്‍ തന്നെ അബദ്ധവശാല്‍ അവയെ ഓഫ് പൊസിഷനിലേക്ക് മാറ്റാനുള്ള സാധ്യതയില്ല. കൂടാതെ വിമാനത്തിലുണ്ടായിരുന്നത് പരിചയസമ്പന്നരായ പൈലറ്റുമാർ ആയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് പൈലറ്റുമാരില്‍ ഒരാള്‍ മനഃപൂര്‍വ്വം ഇന്ധനം സ്വിച്ച് ഓഫ് ചെയ്തതായിരിക്കുമോ എന്ന ചോദ്യം ഉയരുന്നത്.
സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍ പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നുവീഴുകയുമായിരുന്നു. അതുകൊണ്ട് തന്നെ അപകട സ്ഥലത്തെ വിമാനത്തിൻെറ, രണ്ട് ഇന്ധന സ്വിച്ചുകളും “റൺ” പൊസിഷനിൽ ആയിരുന്നു. ശനിയാഴ്ച പുറത്തുവന്ന അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നുമുള്ള കണ്ടെത്തലുള്ളത്. ഇത് മെക്കാനിക്കൽ തകരാർ മൂലമാണോ അതോ ആരെങ്കിലും ചെയ്തതാണോ എന്ന് വ്യക്തമല്ല. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
Leave a Reply