ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: നാലാമത്തെ ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടനിൽ കാട്ടുതീ ഭീഷണി വീണ്ടും ശക്തമാകുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 12 ദിവസത്തിനിടെ ഇംഗ്ലണ്ടിലും വെയിൽസിലും 208 കാട്ടുതീ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി നാഷണൽ ഫയർ ചീഫ്സ് കൗൺസിൽ (NFCC) അറിയിച്ചു. ഈ വർഷം ഇതുവരെ 706 കാട്ടുതീ സംഭവങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സ്കോട്‍ ലൻഡിലെയും വടക്കൻ അയർലൻഡിലെയും തീപിടിത്തങ്ങൾ ഈ കണക്കിൽ ഉൾപ്പെട്ടിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കിഴക്കൻ മിഡ്‌ലാൻഡ്സ്, കിഴക്കൻ ഇംഗ്ലണ്ട്, തെക്കുകിഴക്കൻ ഇംഗ്ലണ്ട്, ലണ്ടൻ എന്നിവിടങ്ങളിൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി ആംബർ ഹീറ്റ്-ഹെൽത്ത് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന താപനിലയും വരണ്ട കാലാവസ്ഥയും തുടരുന്നതിനാൽ തീപിടിത്തങ്ങൾ അതിവേഗം വ്യാപിക്കാനുള്ള സാഹചര്യമാണുള്ളതെന്ന് ഫയർ സർവീസ് അധികൃതർ പറഞ്ഞു. ഡെർബിഷയറിലെ ടിന്റ്‌വിസിൽ മൂർ മേഖലയിൽ ഉണ്ടായ വലിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കാൻ 60 അഗ്നിരക്ഷാസേനാംഗങ്ങൾ പ്രവർത്തിച്ചു വരികയാണ്.

സ്കോട്‍ ലൻഡിലെ കെയർൻഗോംസ് ദേശീയോദ്യാനത്തിൽ രണ്ടാഴ്ചയായി തുടരുന്ന കാട്ടുതീയും ആശങ്ക ഉയർത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ ഭാവിയിൽ കൂടുതൽ വലിയതും സങ്കീർണവുമായ കാട്ടുതീ സംഭവങ്ങൾക്ക് കാരണമാകുമെന്ന് NFCC മുന്നറിയിപ്പ് നൽകി. ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റികൾ, തുറസായ സ്ഥലങ്ങളിലെ ഡിസ്പോസബിൾ ബാർബിക്യു ഉപയോഗം, മാലിന്യങ്ങൾ എന്നിവയാണ് പല കാട്ടുതീകൾക്കും കാരണമാകുന്നതെന്നും പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.