ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തിനെ തുടർന്ന് രാജ്യമൊട്ടാകെ നടന്ന കലാപങ്ങളിൽ 700 ലധികം പേർ അറസ്റ്റിലായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഇനിയും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


കലാപം അടിച്ചമർത്തുന്നതിൽ ഭരണനേതൃത്വവും പോലീസ് സേനകളും കാണിച്ച ആർജ്ജവത്തെ ചാൾസ് രാജാവ് പ്രശംസിച്ചു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമറുമായും പോലീസ് മേധാവികളുമായും വെള്ളിയാഴ്ച വൈകുന്നേരം ചാൾസ് രാജാവ് ഫോൺ സംഭാഷണം നടത്തിയിരുന്നു. നിലവിൽ സ്‌കോട്ട്‌ ലൻഡിലുള്ള ചാൾസ് രാജാവ് ക്രമക്കേടുകളെ കുറിച്ചും കലാപത്തെ കുറിച്ചും പ്രധാനമന്ത്രിയോട് സംസാരിച്ചു എന്നാണ് അറിയാൻ സാധിച്ചത്. രാഷ്ട്രീയമായി നിഷ്പക്ഷത പുലർത്തേണ്ട രാജാവ് കലാപങ്ങളെ കുറിച്ച് സംസാരിക്കുമോ എന്ന കാര്യത്തിൽ സംശയം ഉണ്ടായിരുന്നു. പ്രക്ഷേപണം കൈകാര്യം ചെയ്യേണ്ടത് ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്വത്തിൽ പെട്ടതായതിനാൽ പ്രശ്നങ്ങൾ തീരുന്നതു വരെ രാജാവ് ലഹള ബാധിച്ച സ്ഥലങ്ങൾ സന്ദർശിക്കുകയില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.


ഇതുവരെ നടന്ന 741 അറസ്റ്റുകളിൽ 32 എണ്ണം സമൂഹമാധ്യമങ്ങളിൽ കൂടിയുള്ള പ്രേരണ കുറ്റത്തിനാണ്. തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നത് എത്രമാത്രം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു ബ്രിട്ടനിൽ അരങ്ങേറിയത്. അതുകൊണ്ട് തന്നെ വരുംകാലങ്ങളിൽ സമൂഹമാധ്യമ ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാർ തയ്യാറാകും എന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഏതെങ്കിലും രീതിയിൽ സമൂഹത്തിൽ അശാന്തി വിതയ്ക്കുന്ന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കൈമാറുന്നവർ കടുത്ത നടപടി നേരിടേണ്ടി വരും. മലയാളം ഉൾപ്പെടെ ഏതു ഭാഷകളിൽ ഉള്ള സന്ദേശമാണെങ്കിലും നിരീക്ഷിക്കാൻ ഉതകുന്ന സാങ്കേതികവിദ്യ പോലീസിനുണ്ട്. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ അലക്ഷ്യമായി അപകടകരമായ സന്ദേശങ്ങൾ കൈമാറുന്നത് അറസ്റ്റിന് തന്നെ വഴിവെക്കുമെന്ന് നീയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.