ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജനനത്തേക്കാൾ മരണസംഖ്യ ഉയരുന്നതായുള്ള പഠന റിപ്പോർട്ട് പുറത്തുവന്നു . മാനവവിഭവശേഷിയിൽ രാജ്യത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന സൂചനയാണ് റിപ്പോർട്ടിൽ ഉള്ളത് . ഈ നില തുടരുകയാണെങ്കിൽ ജനസംഖ്യാവർധന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിയാനാണ് സാധ്യതയെന്ന് വിലയിരുത്തുന്നു. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് (ONS) കണക്കുകൾ പ്രകാരം 2034ഓടെ രാജ്യത്തിന്റെ മൊത്തം ജനസംഖ്യ ഏകദേശം 71 മില്യണായി ചുരുങ്ങുമെന്നാണ് പ്രവചനം.

2024 മുതൽ 2034 വരെയുള്ള കാലയളവിൽ ഏകദേശം 6.4 മില്യൺ കുട്ടികൾ ജനിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇതേ കാലയളവിൽ 6.9 മില്യൺ പേർ മരിക്കുമെന്നാണ് പ്രവചനം, അതായത് ജനനത്തെക്കാൾ മരണസംഖ്യ കൂടുതലാകും. കുടിയേറ്റ കണക്കുകൾ പ്രകാരം 7.3 മില്യൺ പേർ രാജ്യത്തേക്ക് എത്തുമ്പോൾ 5.1 മില്യൺ പേർ സ്ഥിരതാമസം മാറി പുറത്തേക്കു പോകും. ഇതെല്ലാം ഉൾപ്പെടുത്തി തയ്യാറാക്കിയതാണ് ഒഎൻഎസിന്റെ പത്തുവർഷ ജനസംഖ്യാ പ്രവചനം.

ജനസംഖ്യയുടെ ഘടനയിൽ വൻ മാറ്റങ്ങളാണ് മുന്നിൽ കാണുന്നത്. കുട്ടികളും യുവാക്കളും കുറയുകയും മുതിർന്നവരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന പ്രവണത സർക്കാർ ആശങ്കയോടെ നിരീക്ഷിക്കുന്നു. പെൻഷൻ, ആരോഗ്യസംരക്ഷണം, സോഷ്യൽ കെയർ മേഖലകളിലെ ചെലവ് ഉയരുകയും തൊഴിൽശക്തിയുടെ ലഭ്യത കുറയുകയും ചെയ്യുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സമ്മർദമുണ്ടാക്കാനിടയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.











Leave a Reply