ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : മോർട്ട്ഗേജ് നിരക്കുകൾ പരിധിവിട്ടുയരുകയാണ്. രണ്ട് വർഷത്തെ ഫിക്സഡ് ഡീലിന്റെ ശരാശരി പലിശ നിരക്ക് ഇപ്പോൾ 6.63% ആണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 20-ലെ ഉയർന്ന നിരക്കായ 6.65% ത്തിനേക്കാൾ അല്പം കുറവാണ്. പണപ്പെരുപ്പവും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിശ്ചയിച്ചിട്ടുള്ള പലിശനിരക്കുകളിൽ ഉണ്ടാകുന്ന മാറ്റവും കാരണം മോർട്ട്ഗേജ് ചെലവുകൾ അടുത്തിടെ കുതിച്ചുയരുകയാണ്.

സംഭവം ചർച്ച ചെയ്യാനായി മോർട്ട്ഗേജ് ലെൻഡർമാരുമായി എം പിമാർ ഇന്ന് കൂടിക്കാഴ്ച നടത്തും. വായ്പയെടുക്കുന്നവർ നേരിടുന്ന മോർട്ട്ഗേജ് സമ്മർദ്ദം, തിരിച്ചടവിൽ പിന്നോക്കം നിൽക്കുന്ന ആളുകളോടുള്ള പ്രതികരണം, യുകെ ഭവന വിപണിയിലെ ആഘാതം തുടങ്ങിയവ ചർച്ച ചെയ്യും. ബാങ്ക്, ബിൽഡിംഗ് സൊസൈറ്റി മേധാവികൾ ട്രഷറി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. ഇപ്പോഴത്തെ ശരാശരി നിരക്ക് 6.65% മറികടക്കുകയാണെങ്കിൽ, അത് 2008 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കായിരിക്കുമെന്ന് സാമ്പത്തിക വിവര സേവനമായ മണിഫാക്ട്സ് പറയുന്നു. 15 വർഷം മുമ്പ് മോർട്ട്ഗേജ് നിരക്കുകൾ 7% എത്തിയിരുന്നു.

മോര്‍ട്ട്‌ഗേജ് നിരക്കുകൾ ഉയരുന്നത് സാധാരണക്കാരെ രൂക്ഷമായി ബാധിക്കുന്നു. മോര്‍ട്ട്‌ഗേജ് കൃത്യമായി അടച്ചില്ലെങ്കില്‍ നിയമ നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും അതുകൊണ്ടു തന്നെ പലരും മാനം രക്ഷിക്കാന്‍, വ്യക്തിപരമായ പല ആവശ്യങ്ങളും ഉപേക്ഷിച്ച് മോര്‍ട്ട്‌ഗേജ് അടവിനുള്ള തുക കണ്ടെത്തുകയാണ്. ചിലര്‍ വീട് വില്‍ക്കുന്ന കാര്യം പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മോര്‍ട്ട്‌ഗേജ് അടവു തുക വര്‍ദ്ധിക്കുന്നതിനനുസരിച്ച് വാടകയും വര്‍ദ്ധിച്ചേക്കും എന്നതിനാല്‍, സ്വന്തമായി വീടുള്ളവരെ മാത്രമല്ല ഇത് ബാധിക്കുക. ജീവിത ചെലവ് വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇനി അമിത വാടകയും നല്‍കേണ്ടി വന്നേക്കാം.
	
		

      
      



              
              
              




            
Leave a Reply