ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചു. കുട്ടികൾക്ക് ബജറ്റ് തയ്യാറാക്കുന്നതിനു മോർട്ട്ഗേജ് പ്രവർത്തനരീതി പഠിപ്പിക്കാനും പുതിയ പാഠ്യപദ്ധതിയിൽ നിർദ്ദേശമുണ്ട്. ഇത് കൂടാതെ കൃത്രിമബുദ്ധിയാൽ (AI) സൃഷ്ടിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും തിരിച്ചറിയാനുള്ള പരിശീലനം കുട്ടികൾക്കു നൽകാനാണ് പുതിയ തീരുമാനം. പത്ത് വർഷത്തിന് ശേഷമാണ് ഒരു സമഗ്ര പാഠ്യപദ്ധതി അവലോകനം നടക്കുന്നത്.

ഇംഗ്ലീഷ്, ഗണിതം, തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ആധുനികതയുള്ള പാഠ്യപദ്ധതി ഒരുക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിജിറ്റ് ഫിലിപ്‌സൺ പറഞ്ഞു. ഈ മാറ്റങ്ങൾക്കൊപ്പം സ്കൂളുകളിലെ “ഇംഗ്ലീഷ് ബാക്കലോറിയേറ്റ്” (EBacc) വിലയിരുത്തൽ രീതി ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു. ഇതുവഴി വിദ്യാർത്ഥികൾക്ക് കല, സംഗീതം, കായികം തുടങ്ങിയ കൂടുതൽ വൈവിധ്യമാർന്ന വിഷയങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ പാഠ്യപദ്ധതിയിലൂടെ സാമ്പത്തിക ബോധവൽക്കരണം, ഡേറ്റാ സയൻസ്, എഐ എന്നിവയിലേക്കുള്ള അടിസ്ഥാന പരിജ്ഞാനം, കാലാവസ്ഥാ മാറ്റം, വൈവിധ്യ പ്രതിനിധാനം തുടങ്ങിയ വിഷയങ്ങൾക്കും പ്രാധാന്യം നൽകും. എന്നാൽ അധ്യാപക സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആവശ്യമായ ഫണ്ടിന്റെയും അധ്യാപകരുടെയും അഭാവം ചൂണ്ടിക്കാട്ടി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സർക്കാർ ഉടൻ തന്നെ പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.











Leave a Reply