ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

മൈക്കോനോസ് : ഒരു ബിയറും അപെറോൾ സ്പ്രിറ്റ്‌സും ഒരു ഡസൻ ഓയ്സ്റ്ററും കഴിച്ച യുവദമ്പതികൾ ബില്ല് കണ്ട് ഞെട്ടി. 335 പൗണ്ട്! ഹണിമൂൺ ആഘോഷിക്കാനായി എത്തിയ കനേഡിയൻ ദമ്പതികളായ ലിൻഡ്‌സെ ബ്രീനും അലക്സുമാണ് തങ്ങൾക്കുണ്ടായ അനുഭവം വിവരിച്ചത്. വിനോദസഞ്ചാരികളിൽ നിന്ന് ഉയർന്ന തുക ഈടാക്കിയ ഡികെ ഓയ്സ്റ്റർ റസ്റ്റ്‌റന്റ് ഉടമയ്ക്കെതിരെ വ്യാപക പരാതി ഉയരുകയാണ്. അസന്തുഷ്ടരായ ഉപഭോക്താക്കൾ ട്രിപ്പ്‌ അഡ്വൈസറിൽ വൺ സ്റ്റാർ റേറ്റിംഗ് ആണ് നൽകിയത്.

മൈക്കോനോസിലെ ഓയ്സ്റ്റർ ബാറിന്റെ ഉടമയായ ദിമിട്രിയോസ് കലമാരസ് ഒടുവിൽ നിശബ്ദത വെടിഞ്ഞ് ന്യായീകരണവുമായി എത്തി. ട്രിപ്പ് അഡ്വൈസറിൽ പലരും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്നതിന് മുമ്പ് വിലയെക്കുറിച്ച് ചോദിക്കണമെന്നും ഓരോ ഉപഭോക്താവിനും മെനു വിശദീകരിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെ പ്രശസ്തയാകാൻ ലിൻഡ്സെ ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

എന്നാൽ, ഡ്രിങ്ക്‌സ് മെനു തങ്ങളെ കാണിച്ചില്ലെന്ന് ലിൻഡ്‌സെയും അലക്‌സും അവകാശപ്പെടുന്നു. തങ്ങൾ ഓർഡർ ചെയ്യാത്ത ഭക്ഷണം കൊണ്ടുവരാൻ ജീവനക്കാർ ശ്രമിച്ചുവെന്നും അവർ വെളിപ്പെടുത്തി. മറ്റ് മാർഗമില്ലാതായപ്പോൾ 335 പൗണ്ടും നൽകിയാണ് ദമ്പതികൾ രക്ഷപ്പെട്ടത്. പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇതിനെതിരെ പ്രതികരിച്ചത്.