ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൃത്രിമ സൂര്യപ്രകാശം പുറപ്പെടുവിച്ച് സൗന്ദര്യ വർദ്ധക ടാൻ ഉണ്ടാക്കുന്ന ഉപകരണമായ സൺബെഡുകൾ ചർമ്മ ക്യാൻസറുകൾക്ക് കാരണമാകുന്നതായുള്ള വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ പ്രായപൂർത്തിയായവരിൽ നാലിലൊന്ന് പേർ ഇപ്പോഴും സൺബെഡുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗം ആളുകൾക്കും ഇവ ഉണ്ടാക്കുന്ന അപകടസാധ്യതയെ കുറിച്ച് അറിവില്ല. ലവ് ഐലൻഡ് പോലുള്ള റിയാലിറ്റി ടിവി ഷോകളിലെ മത്സരാർത്ഥികളെപ്പോലെ തങ്ങളുടെ ശരീരത്തിലും ടാൻ വേണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരാണ് പട്ടികയിൽ മുന്നിൽ.

അതേസമയം സൺബെഡുകൾ ഉപയോഗിക്കുന്നത് മൂലയുള്ള ഭവിഷ്യത്ത് എല്ലാവരും അറിഞ്ഞിരിക്കണം എന്ന് ചാരിറ്റി മെലനോമ ഫോക്കസിലെ വിദഗ്ധർ പറയുന്നു. 16 നും 65 നും ഇടയിൽ പ്രായമുള്ള 2,000 ബ്രിട്ടീഷുകാരെ വച്ച് നടത്തിയ പഠനത്തിൽ 28 ശതമാനം പേർ സൺബെഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. 18 മുതൽ 25 വയസ്സുവരെയുള്ളവരിൽ ഇത് 43 ശതമാനമാണ്. ഇതിൽ സൺബെഡ് ഉപയോഗിക്കുന്നത് സ്‌കിൻ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് 62 ശതമാനം പേർക്കും അറിയാമായിരുന്നു.

2009-ൽ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ നടത്തിയ പഠനത്തിൽ യു വി -എമിറ്റിംഗ് ടാനിംഗ് ഉപകരണങ്ങളുടെ ഉപയോഗം ക്യാൻസർ വരുന്നതിനുള്ള സാധ്യത കൂട്ടുമെന്ന് കണ്ടെത്തിയിരുന്നു. സൂര്യപ്രകാശത്തോടൊപ്പം, ഉയർന്ന് വരുന്ന സ്കിൻ ക്യാൻസർ രോഗനിർണയത്തിന് പിന്നിൽ സൺബെഡ് ഉപയോഗമാണെന്ന് അക്കാദമിക് വിദഗ്ധർ പറയുന്നു. പെട്ടെന്നുള്ള ടാനിങ്ങിനായി സൺബെഡുകൾ ഉയർന്ന തീവ്രതയുള്ള കൃത്രിമ യുവി റെയ്‌സ് ഉപയോഗിക്കുന്നു. എന്നാൽ ഇവ ചർമ്മകോശങ്ങളിലെ ഡിഎൻഎയെ നശിപ്പിക്കും. ഇത് മെലനോമ ഉൾപ്പെടെയുള്ള ചർമ്മ ക്യാൻസറിലേക്ക് നയിച്ചേക്കാം. നിലവിൽ സൺബെഡുകൾ യുകെയിൽ 18 വയസ്സിന് താഴെയുള്ളവർക്ക് നിരോധിച്ചിരിക്കുകയാണ്.