ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ പ്ലൈമൗത്ത് നഗരത്തിൽ തോക്കുമായി എത്തിയ അക്രമി തുടർച്ചയായി നിറയൊഴിച്ചതിനെ തുടർന്ന് നിരവധി പേർ കൊല്ലപ്പെട്ടു. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ആക്രമിയും ഉൾപ്പെടെ ആറു പേർ മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ ഒരാൾക്ക് 10 വയസ്സിൽ കുറവ് മാത്രമേയുള്ളൂ എന്ന് എംപി മാരിൽ ഒരാൾ വ്യക്തമാക്കി. നിരവധി പേർ ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. വളരെ അപ്രതീക്ഷിതവും വേദനാജനകവുമായ സംഭവമാണ് നടന്നതെന്ന് സ്ഥലം എംപി മാധ്യമങ്ങളോട് പറഞ്ഞു.


സംഭവസ്ഥലം പോലീസ് അധീനതയിലാണെന്നും ജനങ്ങളെ അവിടേയ്ക്ക് കടക്കുന്നതിൽ നിന്നും വിലക്കിയതായും പോലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും അവർ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചവർ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുകയോ പോസ്റ്റ് ചെയ്യുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഞെട്ടിക്കുന്ന സംഭവമാണ് പ്ലൈമൗത്തിൽ നടന്നതെന്നും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള വേദന അറിയിക്കുന്നതായും ആഭ്യന്തരമന്ത്രി പ്രീതി പട്ടേൽ ട്വീറ്റ് ചെയ്തു.

ആദ്യം വലിയതോതിലുള്ള ബഹളങ്ങൾ കേട്ടാണ് പുറത്തേക്കിറങ്ങി നോക്കിയത് എന്ന് ദൃക് സാക്ഷികളിൽ ഒരാളായ ഷാരോൺ വ്യക്തമാക്കുന്നു. തുടർന്ന് നിരന്തരമായ വെടിയൊച്ചകളും കേട്ടു. വീടുകളുടെ വാതിൽ തള്ളി തുറന്നു ആക്രമി നിറയൊഴിക്കുകയായിരുന്നു. അതിനുശേഷം പാർക്കിംഗിൽ നിൽക്കുകയായിരുന്ന ചില ആളുകൾക്ക് നേരെ വീണ്ടും നിറയൊഴിച്ചു. പിന്നീട് റോയൽ നേവി അവന്യു ഭാഗത്തേയ്ക്ക് നടന്നുനീങ്ങിയ അക്രമി വീണ്ടും നിറയൊഴിച്ചു കൊണ്ടിരുന്നു. അക്രമിയുടെ മരണം എങ്ങനെയാണ് സംഭവിച്ചതെന്ന് ഇതുവരെയും സ്ഥിരീകരണം ലഭിച്ചിട്ടില്ല. സംഭവത്തെതുടർന്ന് നാലോളം എയർ ആംബുലൻസുകൾ സ്ഥലത്തെത്തി. നിരവധി പേർ മരിച്ചവരുടെ കുടുംബാംഗങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.