ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ പലപ്പോഴും ലൈംഗിക അതിക്രമണ കുറ്റകൃത്യങ്ങളിലെ പ്രതികളെ കണ്ടെത്താതെ പോകുന്നതായുള്ള വിവരങ്ങൾ പുറത്ത്. ജൂൺ 2024 വരെയുള്ള കണക്കുകൾ പ്രകാരം ഇംഗ്ലണ്ടിലും വെയിൽസിലും ഏകദേശം 1.9 ദശലക്ഷം അക്രമപരമോ ലൈംഗികമോ ആയ കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരിച്ചറിയാൻ സാധിക്കാതെ കേസുകൾ നിർത്തേണ്ടതായി വന്നിട്ടുണ്ട്. അതായത് ഇത്തരം കേസുകളിൽ 89 ശതമാനവും അന്വേഷണം പാതിവഴിയിൽ നിന്ന് പോയവയാണ്. ഇതിൻെറ ഫലമായി, നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാൽ നിരവധി ഇരകൾ അന്വേഷണത്തിൽ നിന്ന് പിന്മാറുകയാണ്.
മൊത്തം റിപ്പോർട്ട് ചെയ്ത കേസുകളിൽ ലങ്കാഷെയറിൽ 19.2 ശതമാനവും കുംബ്രിയയിൽ 18 ശതമാനവും വെസ്റ്റ് മിഡ്ലാൻഡ്സിൽ 6.9 % കേസുകളും മെട്രോപൊളിറ്റൻ പോലീസ് ഏരിയയിൽ 7% കേസുകളും മാത്രമാണ് പരിഹരിച്ചത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലും മെഴ്സിസൈഡിലും 10 കേസുകളിൽ ഒന്നിൽ മാത്രമാണ് പ്രതികളെ പിടികൂടിയത്. ഈ കണക്കുകൾ ഒക്കെയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിലുള്ള പോലീസിൻെറ ഭാഗത്തെ കഴിവ് കേടിനെ എടുത്ത് കാട്ടുന്നു.
ഗുരുതരമായ ശാരീരിക ഉപദ്രവം, ലൈംഗികാതിക്രമം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ലൈംഗികമായ കുറ്റകൃത്യങ്ങളുടെ കീഴിൽ വരുന്നത്. കണക്കുകൾ പുറത്ത് വന്നതിന് പിന്നാലെ ബ്രിട്ടനിലെ പോലീസ് മേധാവികളുടെ തലവനായ ഗാവിൻ സ്റ്റീഫൻസ് സേനയുടെ പോരായ്മ സമ്മതിച്ചിരുന്നു. വിക്ടിംസ് കമ്മീഷണർ ഹെലൻ ന്യൂലോവ് നീതിന്യായ വ്യവസ്ഥയുടെ പരാജയങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചു. ഇത് മൂലം ഗുരുതരമായ കുറ്റകൃത്യങ്ങൾ പോലും റിപ്പോർട്ട് ചെയ്യാൻ പല ഇരകളും മടിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
Leave a Reply