പൊലീസ് സ്റ്റേഷനിൽ പലരും കടലാസിലെഴുതിയ പരാതിയുമായി പോകുമ്പോൾ പാലോട് ഒരു കുടുംബം പോയത് കടമായി പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കത്തുമായാണ്. പാലോട് പൊലീസ് സ്റ്റേഷനിലാണ് രണ്ട് മക്കളുമായി ഒരു വീട്ടമ്മ കടം ചോദിച്ചെത്തിയത്. സഹായമായല്ല കടമായാണ് ഇവർ പണം ചോദിച്ചത്. അത് ജോലി ചെയ്ത് വീട്ടിക്കൊള്ളാമെന്നും അവർ കത്തിൽ വ്യക്തമാക്കിയിരുന്നു.

കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ പൊലീസുകാർ പണത്തിന് പുറമെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും വാങ്ങി നൽകി.

എസ്ഐക്ക് ലഭിച്ച കത്ത് ഇങ്ങനെ, “സർ, ഞങ്ങൾ പെരിങ്ങമ്മലയില്‍ വാടകയ്ക്കു താമസിക്കുകയാണ്. മൂത്തമകള്‍ പ്ലസ് ടുവിലും ഇളയമകൾ നാലിലുമായി പഠിക്കുന്നു. കുട്ടിക്ക് ടിസി വാങ്ങാന്‍ പോകുന്നതിനു മറ്റും എന്റെ കയ്യില്‍ സാമ്പത്തികമായി ഒന്നുമില്ല. അതിനാൽ ഒരു 2000 രൂപ കടമായി തന്ന് സഹായിക്കണം. ജോലിക്ക് പോയതിന് ശേഷം തിരികെ തരാം.”

WhatsApp Image 2024-12-09 at 10.15.48 PM

പൊലീസുകാർ കൂടുതൽ വിവരങ്ങൾ തിരക്കിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.