തൊടുപുഴ: ഒന്നര വയസ്സുള്ള മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. മൂലമറ്റത്തിനു സമീപം ഇടപ്പള്ളി പാത്തിക്കപ്പാറയില്‍ ബിനുവിന്റെ മകന്‍ ആശിന്‍ ആണ് കൊല്ലപ്പെട്ടത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ആശിന്റെ മാതാവ് ജെയ്‌സമ്മയെ ഗുരുതരാവസ്‌ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഒരാഴ്‌ച മുന്‍പ് അയല്‍വാസിയായ അന്നമ്മ (93)യുടെ തലയ്‌ക്കടിയേറ്റ സംഭവത്തിലും അന്നമ്മയുടെ ഒന്നര പവന്റെ സ്വര്‍ണമാല മോഷണം പോയതിലും ജെയ്‌സമ്മയെ പോലീസ് രണ്ടു തവണ ചോദ്യം ചെയ്‌തിരുന്നു.
ഇന്നു വീണ്ടും ചോദ്യം ചെയ്‌ത് അറസ്‌റ്റു രേഖപ്പെടുത്താനിരിക്കേയാണ് ജെയ്‌സമ്മ ഈ ക്രൂരകൃത്യം നടത്തിയത്. തലയ്‌ക്കടിയേറ്റ അന്നമ്മ ഇപ്പോഴും ഗുരുതരാവസ്‌ഥയില്‍ ചികിത്സയിലാണ്. അയല്‍വാസിയായ ഒരു യുവാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ജെയ്‌സമ്മ ഇയാള്‍ക്ക് ഗള്‍ഫില്‍ പോകുന്നതിന് പണം നല്‍കാമെന്ന് ഏറ്റിരുന്നു. ഇതിനു വേണ്ടിയാണ് അന്നമ്മയെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.