യുകെയിൽ കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ വ്യാപകമായി പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്​. തുടർച്ചയായ മൂന്നാം ദിവസവും ഏറ്റവും ഉയർന്ന നിരക്കിലാണ്​ പ്രതിദിന കോവിഡ്​ കേസുകളുടെ വർധന. വെള്ളിയാഴ്ച 93,045 പേർക്ക്​ പുതുതായി ​കോവിഡ്​ സ്​ഥിരീകരിച്ചതായി സർക്കാർ അറിയിച്ചു.

പുതുതായി കൂടുതൽ കേസുകൾ കൂടി റിപ്പോർട്ട്​ ചെയ്​തതോടെ യുകെയിൽ കോവിഡ്​ ബാധിതരുടെ എണ്ണം 1.11 കോടിയായി. 111 മരണവും പുതുതായി സ്​ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,47,000 ആയി. ഒമിക്രോണാണ്​ ഇപ്പോൾ രാജ്യത്ത്​ പടർന്നുപിടിക്കുന്ന പ്രധാന വകഭേദം. ഒരാഴ്ച മുമ്പ്​ മുന്നറിയിപ്പ്​ നൽകിയ സുനാമി ഇപ്പോൾ ഞങ്ങളെ ബാധിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സ്​കോട്ട്​ലന്‍റ്​ ഫസ്റ്റ്​ മിനിസ്റ്റർ നികോള സ്റ്റർജൻ അറിയിച്ചു.

യൂറോപ്പിൽ ഏറ്റവും വേഗത്തിൽ വാക്​സിൻ വിതരണം പൂർത്തിയാക്കുന്നതിനൊപ്പം ഒമിക്രോണിന്‍റെ വിനാശകരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കുക കൂടിയാണ്​ ലക്ഷ്യമെന്ന്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ പറഞ്ഞു. കര്‍ശന വിലക്കുകള്‍ നടപ്പാക്കിയില്ലെങ്കില്‍ ദിവസേന 5000 പേര്‍ ഒമിക്രോണ്‍ ബാധിച്ച് മരിക്കുമെന്ന് സര്‍ക്കാര്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെയാണ് പുതിയ കണക്കുകൾ എത്തിയത്.

ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ശനമായ വിലക്കുകള്‍ നടപ്പാക്കാത്ത പക്ഷം ഈ വിന്ററില്‍ പ്രതിദിനം 5000 ഒമിക്രോണ്‍ മരണങ്ങള്‍ രേഖപ്പെടുത്താന്‍ ഇടയാകുമെന്ന് സേജ് ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ പറഞ്ഞു. ബ്രിട്ടനിലെ ആകെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റെക്കോര്‍ഡ് നിലയിലേക്ക് കുതിച്ചുയര്‍ന്നതോടെയാണ് ആദ്യ ലോക്ക്ഡൗണിലേക്ക് നയിച്ച ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുന്നത്.

3201 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ബ്രിട്ടനിലെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 14,909ലെത്തി. ഇതോടെ രാജ്യത്തെ പ്രധാന സ്‌ട്രെയിനായി ഒമിക്രോണ്‍ സ്ഥാനം പിടിച്ചു. പോസിറ്റീവാകുന്ന രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ വേരിയന്റിനെ തിരിച്ചറിയുന്നത് എളുപ്പമല്ല. ഏകദേശം 4 ലക്ഷം രോഗികള്‍ക്ക് പ്രതിദിനം വേരിയന്റ് പിടിപെടുന്നുണ്ടാകുമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്.

ന്യൂ ഇയറിനകം രാജ്യത്ത് കര്‍ശനമായ വിലക്കുകള്‍ അടിയന്തരമായി നടപ്പാക്കാനാണ് പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ ആവശ്യപ്പെടുന്നത്. മ്യൂട്ടന്റ് സ്‌ട്രെയിന്‍ സംബന്ധിച്ച തന്റെ പുതിയ മോഡലിംഗ് അനുസരിച്ചാണ് കര്‍ശന വിലക്കുകള്‍ വേണമെന്ന് ഇദ്ദേഹം പറയുന്നത്. ഏറ്റവും മികച്ച ഘട്ടത്തില്‍ പോലും ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം 3000 മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് ഇദ്ദേഹത്തിന്റെ ലണ്ടന്‍ ഇംപീരിയല്‍ കോളേജ് ടീം കണ്ടെത്തിയിരിക്കുന്നത്.

രണ്ടാം തരംഗത്തില്‍ 1800 മരണങ്ങളെന്ന നിലയില്‍ നിന്നാണ് ഈ കുതിപ്പ്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കല്‍ ഓഫീസറും, സര്‍ക്കാര്‍ ഉപദേശകരും ഭയപ്പെടുത്തുന്ന കണക്കുകള്‍ പങ്കുവെയ്ക്കുകയാണെന്നാണ് വിമത ടോറി എംപിമാരുടെ ആരോപണം. നിലവില്‍ യുകെയിലെ ഒമിക്രോണ്‍ ബാധിതരില്‍ 90% വും ഇംഗ്ലണ്ടിലാണ്. സ്കോട്ട് ലാന്‍ഡാണ് രണ്ടാമത്. അതുപോലെ ഇംഗ്ലണ്ടിലെ ആകെ കോവിഡ് രോഗികളുടെ 32% വും ഇപ്പോള്‍ ഒമിക്രോണ്‍ ബാധിതരാണ്.