മാഞ്ചസ്റ്റര്‍: നിങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകള്‍ നിങ്ങള്‍ മൊബൈലില്‍ എടുത്ത് സൂക്ഷിക്കാറുണ്ടോ? നിങ്ങളുടെ ഫോണിലെ ചിത്രങ്ങളെല്ലാം ഒരു അപരിചിതന്‍റെ കൈവശം ഉണ്ടെന്നറിഞ്ഞാല്‍ നിങ്ങള്‍ എന്ത് ചെയ്യും? ഇത്തരമൊരു ഭീകരാനുഭവം ആണ് മാഞ്ചസ്റ്ററില്‍ നിന്ന്‍ ഒരു അമ്മയ്ക്കുണ്ടായിരിക്കുന്നത്. എട്ട് വയസ്സുള്ള തന്‍റെ മകള്‍ കുളിമുറിയില്‍ നഗനയായി നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെ ഒരപരിചിതന്റെ ഫോണില്‍ ആയിപ്പോയ ഭീതിദമായ അനുഭവമാണ് മാഞ്ചസ്റ്ററില്‍ നിന്നുള്ള പമീല ജാക്സന് സംഭവിച്ചത്.
ചാരിറ്റി അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന മിസ്. ജാക്സന്റെ ഫോണില്‍ ഉണ്ടായിരുന്ന ആയിരത്തോളം ചിത്രങ്ങള്‍ ആണ് ഇവര്‍ക്ക് യാതൊരു പരിചയവും ഇല്ലാത്ത ആന്‍ഡേര്‍സന്‍ എന്നയാളുടെ ഫോണില്‍ എത്തിയത്. തീര്‍ത്തും അപരിചിതനായ ആന്‍ഡേര്‍സന്‍ മിസ് ജാക്സനെ കണ്ടെത്തി മക്കള്‍ ഐമോഗന്റെയും ഫ്ലോറന്‍സിന്റെയും നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം ചിത്രങ്ങള്‍ തന്‍റെ ഫോണില്‍ ഉണ്ടെന്ന്‍ പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോവുകയായിരുന്നു എന്ന് ജാക്സന്‍ പറയുന്നു.
ജാക്സന്‍ തന്‍റെ അമ്മ ആന്‍ സിംസിന് കുട്ടികളുടെ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അയച്ച് കൊടുത്തിരുന്നു. ഇത് ആന്‍ സിംസിന്റെ ഫോണില്‍ ഉണ്ടായിരുന്നു. ഒരിക്കല്‍ ഫോണ്‍ കേടായതിനെ തുടര്‍ന്ന്‍ മാഞ്ചസ്റ്റര്‍ ഫോര്‍ട്ടിലെ ചീതംഹില്ലിലെ ഇഇ മൊബൈല്‍ ഷോപ്പില്‍ ഇവര്‍ ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്തിരുന്നു. ഇവിടെ തന്നെ ആയിരുന്നു ആന്‍ഡേര്‍സന്‍ തന്‍റെ ഫോണും റിപ്പയര്‍ ചെയ്യാന്‍ കൊടുത്തത്.
ഫോണ്‍ തിരികെ കിട്ടിയ ആന്‍ഡേര്‍സന് തന്‍റെ ഫോണിലെ എല്ലാ ഡേറ്റകളും നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആണ് ഇമേജ് ഫോള്‍ഡറില്‍ ആയിരത്തോളം ഫോട്ടോകള്‍ ഉള്ളതായി കണ്ടത്. ഈ ഫോട്ടോകളിലൊന്നില്‍ മിസ്. ജാക്സന്റെ അഡ്രസ്സ് ഉള്‍പ്പെടെയുള്ള ഒരു ഇന്‍വിറ്റേഷന്‍ കാര്‍ഡും ഉള്‍പ്പെട്ടിരുന്നതിനാലാണ് ആന്‍ഡേര്‍സന്‍ ഇവരെ കണ്ടു പിടിച്ചത്.
മാന്യനും സത്യസന്ധനും ആയ ഒരാളുടെ കൈവശം ആയിരുന്നു ഫോട്ടോകള്‍ ലഭിച്ചത് എന്നതിനാല്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടില്ല. മറിച്ചായിരുന്നെങ്കില്‍ എന്ത് തന്നെ സംഭവിക്കില്ല എന്നാണ് മിസ് ജാക്സന്‍ ചോദിക്കുന്നത്. എന്നാല്‍ എങ്ങനെ ഇത് സംഭവിച്ചു എന്നതിന് ഉത്തരം നല്‍കാന്‍ മൊബൈല്‍ ഷോപ്പുകാര്‍ക്കും ആകുന്നില്ല. എന്തായാലും ഇഇയുടെ മൊബൈല്‍ ഷോപ്പിനെതിരെ പരാതി കൊടുത്തിരിക്കുകയാണ് ഇവര്‍. പരാതി ഗൌരവമുള്ളത് ആണെന്നും തങ്ങള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്നും ഇഇ വക്താവ് അറിയിച്ചു.