സ്വന്തം ലേഖകൻ

നോർത്ത് കൊറിയ:- നോർത്ത കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കൊറോണ ബാധിതരെ രഹസ്യ ക്യാമ്പുകളിൽ പാർപ്പിച്ചു പട്ടിണിക്കിട്ട് കൊല്ലുന്നതായി റിപ്പോർട്ട്. തന്റെ രാജ്യത്ത് ഒരാൾക്കുപോലും കൊറോണ ബാധിച്ചിട്ടില്ലെന്ന് മുൻപ് അദ്ദേഹം പ്രതികരിച്ചിരുന്നു. ഇപ്പോൾ കൊറോണ ബാധിതരായവരെ പട്ടിണിക്കിട്ട് കൊല്ലുകയാണ് എന്ന പുതിയ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ചികിത്സ സൗകര്യങ്ങൾ ഒന്നും തന്നെ ഇത്തരം ക്യാമ്പുകളിൽ രോഗികൾക്ക് ലഭിക്കുന്നില്ല. ആവശ്യമായ ഭക്ഷണവും രോഗികൾക്ക് ലഭിക്കുന്നില്ല എന്ന് ക്രിസ്ത്യൻ ആക്ടിവിസ്റ്റായ ടിം പീറ്റേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

ക്വാറന്റൈൻ ക്യാമ്പുകളിൽ കഴിയുന്നവരുടെ ബന്ധുക്കൾ അധികൃതർ അറിയാതെയാണ് ഭക്ഷണം ഇത്തരം രോഗികൾക്ക് എത്തിക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തി. രോഗബാധിതരായവർ മിക്കവാറും പേരും മരണപ്പെടുകയാണ്. ആവശ്യമായ ചികിത്സ ഒന്നും തന്നെ രോഗികൾക്ക് ലഭിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കോവിഡ് രോഗത്തെ ഒരു പ്രേതബാധ പോലെയാണ് കിംമിന്റെ ഗവൺമെന്റ് കാണുന്നതെന്ന് പാസ്റ്റർ ഡേവിഡ് ലീ മാധ്യമങ്ങളോട് വെളിപ്പെടുത്തി. രോഗബാധയുടെ കൃത്യമായ കണക്കുകൾ ഒന്നുംതന്നെ എടുക്കുവാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

നോർത്ത് കൊറിയൻ വർക്കേഴ്സ് പാർട്ടിയുടെ 75 മത് സ്ഥാപകദിനം ആഘോഷിച്ച്, കഴിഞ്ഞ മാസം നടത്തിയ ചടങ്ങിൽ കൊറോണ ബാധ രാജ്യത്തേക്ക് പ്രവേശിക്കാതിരിക്കാൻ സഹായിച്ച എല്ലാ പട്ടാളക്കാർക്കും കിം ജോങ് ഉൻ നന്ദി പറഞ്ഞിരുന്നു. തന്റെ രാജ്യത്ത് ഇതുവരെ ഒരാൾക്കുപോലും കൊറോണാ ബാധിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ കൊറോണ ബാധ മൂലം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകർച്ചയിലേക്കാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.നോർത്ത് കൊറിയയിലെ 40 ശതമാനം ജനങ്ങളും പട്ടിണി അനുഭവിക്കുന്നതായി യു എൻ പുറത്തിറക്കിയ കണക്കിൽ പറയുന്നു.