ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ കുര്‍ബാനയുടെ പുനഃസ്ഥാപനം നാള്‍ വഴികളിലൂടെ!

ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ കുര്‍ബാനയുടെ പുനഃസ്ഥാപനം നാള്‍ വഴികളിലൂടെ!
February 16 08:36 2019 Print This Article

സ്പെഷ്യല്‍ കറസ്പോണ്ടന്‍റ്

സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ശക്തി കേന്ദ്രമാണ് ലെസ്റ്റര്‍. 2000ല്‍ യു.കെയില്‍ മലയാളി കുടിയേറ്റം ശക്തമായപ്പോള്‍ മുതല്‍ സഭയോട് വിശ്വസ്തത പുലര്‍ത്തി വിശ്വാസ സമൂഹം അരീക്കാട്ടച്ഛനിലൂടെ കൂട്ടായ്മയായി തങ്ങളുടെ സഭാ പ്രയാണം ലെസ്റ്ററില്‍ ആരംഭിച്ചു. ബ്ലെസ്സഡ് സാക്രമെന്റ് കത്തോലിക്ക ദേവാലയത്തില്‍ തുടങ്ങി 17/02/2019ല്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ ആരാധനാക്രമത്തിലുള്ള എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാനയുടെ പുനഃസ്ഥാപനം സാധ്യമാകുന്ന ഈ വേളയില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ, നിശബ്ദമായ പ്രവര്‍ത്തനത്തിന്റെ ആത്മസാക്ഷാത്കാര നിമിഷങ്ങളാണ്. ലെസ്റ്ററിലെ 200ല്‍പ്പരം വരുന്ന കുടുംബങ്ങളുടെ തീക്ഷ്ണമായ പ്രാര്‍ത്ഥനയുടെ, ഉപവാസത്തിന്റെ, ക്ഷമാപൂര്‍ണമായ കാത്തിരിപ്പിന്റെ സമ്മാനമാണ് കുര്‍ബാനയുടെ പുനഃസ്ഥാപനം. സര്‍വോപരി ദൈവത്തിന്‍ മഹാ കരുണയാണ്.

യൂറോപ്പിലെ മിശ്ര സംസ്‌ക്കാരത്തിന്റെ അടിയൊഴുക്കില്‍ അകപ്പെടാതെ സഭയോട് ചേര്‍ന്ന് വിശ്വാസ ജീവിതം ശക്തമായി കെട്ടിപ്പടുക്കാനും ഭാവിയില്‍ മിഷനായി പൂര്‍ണ ഇടവക സമൂഹമായി മാറുവാനുമുള്ള അവസരമാണ് സംജാതമായിരിക്കുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷമാണ് ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാന സജീവമാകുന്നത്. 2017 സെപ്തംബര്‍ ഫാദര്‍ ജോര്‍ജ് തോമസ് സീറോ മലബാര്‍ വിശ്വാസ സമൂഹത്തിന്റെ ചാപ്ലയിനായി നിയമിതനായെങ്കിലും മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ സീറോ മലബാര്‍ ആരാധനാക്രമത്തിലുള്ള എല്ലാ ഞായര്‍ ദിവസങ്ങളിലുമുള്ള കുര്‍ബാന സാധ്യമായിരുന്നില്ല. നോട്ടിങ്ഹാം രൂപതാ അധ്യക്ഷന്‍ തന്റെ ഉത്തരവിനാല്‍ ജോര്‍ജ് തോമസ് അച്ചനെ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ വികാരിയായി നിയമിച്ചതോടെ അനുകൂലമായ സാഹചര്യങ്ങള്‍ക്ക് വഴിയൊരുങ്ങി.

ദൈവത്തിന്‍ വലിയ ഇടപെടലും അത്ഭുതവുമായിട്ടാണ് രൂപതാ അധ്യക്ഷന്‍ സ്രാമ്പിക്കല്‍ പിതാവ് നിയമനത്തോട് പ്രതികരിച്ചത്. ഫെബ്രുവരി 17 പിതാവിന്റെ വിശുദ്ധ കുര്‍ബാനയോടെ ലെസ്റ്ററിലെ വിശ്വാസികളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍ 2017 മെയ് മാസത്തില്‍ യാതൊരു മുന്നറിയിപ്പും കൂടാതെ മലയാളം കുര്‍ബാന നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നിന്ന് കമ്മറ്റി രൂപപ്പെടുകയും പള്ളിയുടെ രൂപതയായ നോട്ടിങ്ഹാം രൂപതാ അധ്യക്ഷന് 150 പേര്‍ ഒപ്പിട്ട നിവേദനം നല്‍കുകയും 20 ജുലൈ 2017 സീറോ മലബാര്‍ സമൂഹത്തിനായി വൈദികനെ അയക്കാം എന്ന അറിയിപ്പുണ്ടാകുകയും ചെയ്തു. സെപ്റ്റംബര്‍ മുതല്‍ മാസത്തില്‍ ഒരിക്കല്‍ കുര്‍ബാന എന്ന നിബന്ധനയാല്‍ ജോര്‍ജ് അച്ചന്‍ ലെസ്റ്ററിലെ സൈന്റ്‌റ് എഡ്വേഡ് ദേവാലയ വികാരിയായി നിയമിതനായി

ജോര്‍ജ് അച്ചന്റെ ചിട്ടയായ പ്രവര്‍ത്തനങ്ങളും കമ്മറ്റിയുടെ തുടര്‍ നടപടികളും രൂപതാ അധ്യക്ഷന്‍ സ്രാമ്പിക്കല്‍ പിതാവിന്റെ സഹായവും ഇടയ സന്ദര്‍ശന വേളയില്‍ സ്രാമ്പിക്കല്‍ പിതാവ് നല്‍കിയ ഉറപ്പും സര്‍വോപരി ലെസ്റ്ററിലെ സമൂഹത്തിന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയും ഒത്തുചേര്‍ന്നപ്പോള്‍  വിശുദ്ധ കുര്‍ബാനയുടെ പുനഃസ്ഥാപനം സാധ്യമായി. നിശ്ശബ്ദമായി പ്രവര്‍ത്തിച്ച കമ്മറ്റി തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ തമ്പുരാന്‍ കൂടെയുള്ളപ്പോള്‍ എന്തും സാധ്യമാകും എന്ന വിശ്വാസം ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുകയാണ്. അവിടുത്തെ ഭക്തന്മാരുടെ മേല്‍ തലമുറ തോറും അവിടുന്ന് കരുണ വര്‍ഷിക്കും.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles