ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ : സ്കൂളിലേക്ക് തിരിച്ചെത്തി ആദ്യദിവസം തന്നെ 14 വയസ്സുകാരിയായ പെൺകുട്ടിയെ മുടിയിലെ ചുവന്ന നിറത്തിനും, സ്റ്റിക്ക്-ഓൺ കൺപീലികൾ ഉപയോഗിച്ചതിനും സസ്പെൻഡ് ചെയ്തിരിക്കുകയാണ് സ്കൂൾ അധികൃതർ. ടേമിൻ്റെ ആദ്യ ദിവസം എത്തിയ സ്‌കൂൾ വിദ്യാർത്ഥിനിയായ എല്ല ഹാർഡിംഗിനെയാണ് മിൽട്ടൺ കെയ്‌നിലെ ഓക്‌ഗ്രോവ് സ്‌കൂളിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ തന്നെ വീട്ടിലേക്ക് തിരിച്ചയച്ചത്. ചായം പൂശിയ മുടിയും, കൺപീലികളും അക്കാദമിയുടെ യൂണിഫോം നയത്തിന് എതിരാണെന്ന വിശദീകരണമാണ് സ്കൂൾ അധികൃതർ നൽകുന്നത്.
ഓക്‌ഗ്രോവ് സ്‌കൂളിൻ്റെ യൂണിഫോം പോളിസിയിൽ, വിദ്യാർത്ഥിയുടെ മുടിയുടെ നിറം ഒരു നിറമോ വിദ്യാർത്ഥിയുടെ സ്വാഭാവിക ഹെയർ ടോണിനോട് ചേർന്നതോ ആയിരിക്കണമെന്ന് നിഷ്കർഷിക്കുന്നുണ്ട്. സമാനമായ കാരണങ്ങളാൽ കഴിഞ്ഞ തന്റെ മകൾ 40 ശതമാനത്തോളം സമയം ഒറ്റയ്ക്കോ വീടിനുള്ളിലോ ആണ് ചെലവഴിച്ചിരിക്കുന്നതെന്ന് എല്ലയുടെ അമ്മ ഏപ്രിൽ പറഞ്ഞു. തന്റെ മുടിയിൽ ആ ചായം പൂശുന്നതാണ് തന്റെ മകൾക്ക് താല്പര്യമെന്നും, അവൾക്ക് സങ്കീർണമായ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഏപ്രിൽ പറഞ്ഞു. മകളെ ഇത്തരത്തിൽ പുറത്താക്കുന്നത് തടയുവാൻ സ്കൂൾ അധികൃതരുമായി മണിക്കൂറുകളോളം ചർച്ച നടത്തി. ഒരിക്കലും യാതൊരുവിധ തരത്തിലുള്ള പ്രശ്നങ്ങളും തന്റെ മകൾ സൃഷ്ടിക്കുന്നില്ലെന്നും, മുടിയുടെ നിറം മൂലം മാത്രമാണ് പുറത്താക്കപ്പെടുന്നതെന്നും അമ്മ വ്യക്തമാക്കി.
സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും സ്റ്റാഫുകളും തന്റെ മകളുടെ അവസ്ഥ മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒന്ന് രണ്ട് പേർ മാത്രമാണ് അവളെ പുറത്താക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്നും മാധ്യമങ്ങളോട് വ്യക്തമാക്കി. ബ്ലാക്ക്‌പൂളിലെ കിൻക്രെയ്ഗ് പ്രൈമറി സ്‌കൂളിലും സമാനമായ സംഭവം നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 10 വയസ്സുകാരിയായ പെൺകുട്ടിയെ മുടിയുടെ നിറം മൂലം അവിടെയും പുറത്താക്കിയതായി പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ഇത്തരത്തിൽ സ്കൂളിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി വരുന്നവരെ ഉടൻതന്നെ പുറത്താക്കുക എന്ന നയമാണ് പലയിടത്തും സ്വീകരിച്ചു വരുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഉയരുന്നു.
Leave a Reply