ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം ഒന്‍പത് വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിക്കുമെന്ന് നാസയുടെ (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍) മുന്നറിയിപ്പ്. സമുദ്രനിരപ്പ് കുത്തനെ ഉയരുകയും തന്മൂലം 2030-ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നുമാണ് നാസ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. സമുദ്ര നിരപ്പ് ഉയരുന്നത് സംബന്ധിച്ച് പഠനം നടത്തുന്ന നാസയുടെ കീഴിലുള്ള ശാസ്ത്ര സംഘമാണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം മൂലം സമുദ്രനിരപ്പ് ഉയരുന്നതും കാലാവസ്ഥാ വ്യതിയാനവും കൂടി ചേരുമ്പോഴാണ് പ്രളയങ്ങള്‍ ഉണ്ടാകുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയില്‍ പ്രളയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ‘ചലനം’ മൂലം സമുദ്രനിരപ്പ് ഉയരുമെന്നും അതു വിനാശകരമായ പ്രളയത്തിലേക്ക് നയിക്കുമെന്നും പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ജൂണ്‍ 21-ന് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവ ഒരുമിച്ചാണു വരാന്‍ പോകുന്നത്. തീരപ്രദേശങ്ങളിലെല്ലാം പ്രളയമുണ്ടായേക്കാമെന്നു നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു. പ്രളയം മുലം സമുദ്രനിരപ്പിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടത്തിലേക്കും ദുരിതത്തിലേക്കും പോയേക്കാമെന്നും നെല്‍സണ്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ഗവേഷണം ലോകത്തില്‍ ആദ്യമാണെന്ന് ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റി കാലാവസ്ഥാ വിദഗ്ധന്‍ മാര്‍ക്ക് ഹൗഡന്‍ പറഞ്ഞു.

  ചെറുപ്പം മുതലെ എന്റെ വലിയ ആരാധകനായിരുന്നു, ഓടിവന്നു കാര്‍ത്തി; ബാബു ആന്റണിയുടെ കുറിപ്പ്

തീരപ്രദേശങ്ങളില്‍ വേലിയേറ്റം സംഭവിക്കുന്നത് പതിവ് സംഭവമാണ്. എന്നാല്‍, ചന്ദ്രനിലെ പ്രത്യേക പ്രതിഭാസം മൂലമുള്ള വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തില്‍ പൊങ്ങുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. 18.6 വര്‍ഷത്തോളം ഈ പ്രതിഭാസം തുടര്‍ന്നേക്കും. വേലിയേറ്റങ്ങള്‍ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങള്‍ പതിവാകും. ഈ പ്രളയങ്ങള്‍ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്.

2030 ആകുമ്പോഴേക്കും ഓരോ വര്‍ഷവും 2000 ലധികം വെള്ളപ്പൊക്കമുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം 2019-ല്‍ യുഎസില്‍ മാത്രം 600 വെള്ളപ്പൊക്കമുണ്ടായതായി നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ കണക്കുകള്‍ നിരത്തുന്നു.

ഹവായ് സര്‍വകലാശാലയിലെ നാസയുടെ അസിസ്റ്റന്റ് പ്രൊഫസറായ ഫില്‍ തോംസണും സംഘവുമാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18.6 വര്‍ഷം എടുക്കുമെന്നും ഈ പ്രതിഭാസത്തെക്കുറിച്ച് വിശദീകരിച്ച തോംസണ്‍ പറഞ്ഞു. ചന്ദ്രന്റെ ചാഞ്ചാട്ടം എല്ലാക്കാലത്തും ഉണ്ടാകാറുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം കൂടി കൂടിച്ചേരുമ്പോഴാണ് സ്ഥിതി രൂക്ഷമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.