ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി സർക്കാർ. വാഹനമോടിക്കുന്നതിനിടയിൽ ഫോണിൽ സ്പർശിച്ചാൽ 200 പൗണ്ട് പിഴയോടൊപ്പം ആറ് പെനാൽറ്റി പോയിന്റും നേരിടേണ്ടി വരും. ഈ കർശന നിയമം അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ പ്രഖ്യാപിച്ചു. വാഹനമോടിക്കുന്ന അവസരത്തില്‍ എങ്ങനെയൊക്കെ ഫോൺ ഉപയോഗിച്ചാലും ശിക്ഷ നേരിടേണ്ടി വരും. നിങ്ങള്‍ ഫോണില്‍ സംസാരിക്കണമെന്നില്ല, സ്‌ക്രീനില്‍ ടച്ച് ചെയ്ത് ഇഷ്ടഗാനം തിരഞ്ഞാലും ശിക്ഷയുറപ്പാണ്. അതുപോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതും ഫോണ്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നതും ഗെയിം കളിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
ഗതാഗത കുരുക്കില്‍ വാഹനം നിര്‍ത്തിയിട്ടിരിക്കുന്ന സാഹചര്യത്തിലും ഫോൺ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഫോൺ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഹാൻഡ്‌സ് ഫ്രീ കോൾ നടത്താമെന്ന ഇളവ് ഉണ്ട്. ഒപ്പം വാഹനമോടിക്കുമ്പോള്‍ സ്റ്റാൻഡിൽ ഘടിപ്പിച്ച് ഒരു നാവിഗേറ്റര്‍ എന്ന നിലയില്‍ ഫോൺ ഉപയോഗിക്കാം. ഡ്രൈവ് ത്രൂ റെസ്റ്റോറന്റുകളിലും റോഡ് ടോള്‍ പ്ലാസകളിലും പണം നല്‍കുന്നതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെങ്കിലും ഈ കാര്യങ്ങൾ ചെയ്യുമ്പോൾ വാഹനം ശരിയായി നിയന്ത്രിക്കുന്നില്ല എന്ന് കണ്ടാല്‍ പോലീസിന് നിങ്ങളുടെ പേരില്‍ കേസെടുക്കാനാവും.
നിലവിൽ വാഹനമോടിക്കുമ്പോൾ സന്ദേശങ്ങൾ അയയ്ക്കുന്നതും ഫോണിൽ സംസാരിക്കുന്നതും വിലക്കിയിരിക്കുകയാണ്. സർക്കാരിന്റെ പുതിയ തീരുമാനം ഈ നിയമം കൂടുതൽ ശക്തമാക്കും. കഴിഞ്ഞ വർഷമാണ് പുതിയ നിയമം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് വൈകുകയായിരുന്നു. ഹൈവേ കോഡും പുതുക്കിയതോടെ അടുത്ത വർഷം ആദ്യം ഇത് പ്രാബല്യത്തിൽ വരുമെന്ന് മന്ത്രിമാർ വ്യക്തമാക്കി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വഴി നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനാലാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്ന് ഗതാഗത മന്ത്രി ഗ്രാന്റ് ഷാപ്സ് അറിയിച്ചു. വിന്‍ഡ്സ്‌ക്രീനിലുള്ളിലൂടെ വാഹനമോടിക്കുന്നവരുടെ ചിത്രങ്ങൾ പകര്‍ത്താന്‍ കഴിവുള്ള ഹൈ ഡെഫെനിഷന്‍ ക്യാമറകളാണ് നിയമലംഘകരെ കണ്ടെത്താനായി ഹൈവേസ് ഇംഗ്ലണ്ട് ഉപയോഗിക്കുന്നത്.
Leave a Reply