1921ലെ മലബാര്‍ മാപ്പിള ലഹളയുടെ പിന്നിലെ യഥാർത്ഥ ചരിത്രം പറയുന്ന കഥയാണ് താൻ സിനിമയാക്കുന്നത് എന്ന് സംവിധായകൻ അലി അക്ബർ. വാരിയംകുന്നൻ സ്വാതന്ത്ര്യസമര സേനാനിയല്ലെന്നും, തന്റെ സിനിമ ഒരു മതത്തിനുമെതിരല്ലെന്നും അദ്ദേഹം മനോരമ ഒാൺലൈനിനോട് പറഞ്ഞു. താൻ പ്രഖ്യാപിച്ച സിനിമയ്ക്ക് മൂലധനം കണ്ടെത്താൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടെന്നും തന്നെ സഹായിക്കാൻ പൊതുജനങ്ങൾ മുന്നോട്ടുവരണമെന്നും അദ്ദേഹം നിരവധി തവണ അഭ്യർത്ഥിച്ചിരുന്നു.
സിനിമയെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ
മാധവൻ നായർ, നെടുങ്ങാടി എന്നിവരുടേതു ഉൾപ്പടെ നാല് പുസ്തകങ്ങളെ ആസ്പദമാക്കിയാണ് ഞാൻ 1921 ലെ ചരിത്രം സിനിമയാക്കുന്നത്. ചരിത്രസംഭവത്തിൽ വെള്ളം ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 1921 ൽ കേരളത്തിലെ മലബാർ പ്രവിശ്യയിൽ, ഭാരതപ്പുഴ മുതൽ ചാലിയാർ വരെയുള്ള സ്ഥലങ്ങളിൽ മാപ്പിളമാർ നടത്തിയ ഹിന്ദു വംശഹത്യയും ഹിന്ദുക്കളെ ഇസ്ലാമിക മതത്തിലേക്ക് പരിവർത്തനം ചെയ്തതും ഭാരതത്തിന്റെ ചരിത്രത്തിലെ ഇരുണ്ട എപ്പിസോഡായി തുടരുന്നു. ഈ അതിക്രമങ്ങളെ അപലപിച്ച് ഗാന്ധിജി, അംബേദ്കർ, ആനി ബെസന്റ് എന്നിവർ എഴുതിയ വാക്കുകളും നമുക്ക് വായിക്കാനുണ്ട്, പക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാഷ്ട്രീയ പാർട്ടികൾ അവരുടെ വോട്ട് ബാങ്കിനെ വേദനിപ്പിക്കാൻ ആഗ്രഹിച്ചില്ല. മാപ്പിള കലാപത്തെ അവർ ഒരു സ്വാതന്ത്ര്യസമരമായും കർഷകസമരമായും ചിത്രീകരിച്ചു. നിസ്സഹായരായ ഹിന്ദുക്കളെ കൊലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ബലമായി പരിവർത്തനം ചെയ്യുകയും ചെയ്തവർക്ക് അവർ പെൻഷൻ അനുവദിച്ചു. ഇതെല്ലാം കണ്ട ഹിന്ദുക്കൾ അനുഭവിച്ച വേദനയോട് നീതി പുലർത്താൻ ഒരു വാക്കിനും കഴിയില്ല.
കലാപത്തിന് ഇരയായവരുടെ ചില കുടുംബാംഗങ്ങൾ അതിജീവിച്ചത് ഈ കഥകൾ ഞങ്ങളോട് പറയാൻ വേണ്ടിയാണ്. അവരുടെ കുടുംബങ്ങൾ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇസ്ലാമിക തീവ്രവാദികൾ ഇപ്പോൾ ഒരു പടി കൂടി മുന്നോട്ട് പോയി. ഈ ഹിന്ദു വംശഹത്യക്ക് നേതൃത്വം നൽകിയവരെ സ്വാതന്ത്ര്യസമരസേനാനികളെന്നു വാഴ്ത്തി മഹത്വപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഈ വ്യാജ കഥക്ക് പിന്നിലെ യഥാർത്ഥ ചരിത്രം പുറത്തുകൊണ്ടുവരാൻ നമുക്കും ഒരു സിനിമ എടുക്കാതിരിക്കാൻ കഴിയില്ല. വസ്തുതകളെ അടിസ്ഥാനമാക്കി സത്യം പറയുന്ന സിനിമ. ഈ ജനതയെ സ്നേഹിക്കുന്ന എല്ലാവരുടെയും പിന്തുണയോടെ അത് സാക്ഷാത്കരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മതപരമായ സമർപ്പണങ്ങളെക്കാൾ മരണത്തിന് മുൻഗണന നൽകിയവർക്കായി സ്മാരകങ്ങളൊന്നും നിർമ്മിച്ചിട്ടില്ല. ഈ സിനിമ ആ ജീവിതങ്ങൾക്കായി സമർപ്പിതമാണ്. 1921 ലെ കൂട്ടക്കൊല ഒരിക്കലും ആവർത്തിക്കരുത്. ഇത് ഉറപ്പ് വരുത്താൻ, ഞങ്ങൾ ഉറക്കെ സത്യം സംസാരിക്കണം. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ ഒരു സിനിമ ഉണ്ടായിരിക്കണം. നുണയിൽ നെയ്‌തെടുക്കുന്ന കഥകൾ വിശ്വസിക്കാതെയിരിക്കാൻ ഞങ്ങളോടൊപ്പം അണിചേരാൻ എല്ലാ രാജ്യസ്നേഹികളോടും അഭ്യർത്ഥിക്കുകയാണ്. ചെറുതോ വലുതോ ആയ സംഭാവനകൾ നൽകി എല്ലാവരും ഈ ദൗത്യത്തോടൊപ്പം പങ്കു ചേരും എന്ന് ഞങ്ങൾ കരുതുന്നു.
പണത്തേക്കാൾ ഏറെ ജനപങ്കാളിത്തമാണ് ഞങ്ങൾക്ക് വേണ്ടത്, ആയിരവും രണ്ടായിരവും ആൾക്കാരായിരുന്നു ഓരോ ലഹളയിലും ഉണ്ടായിരുന്നത്. അപ്പോൾ അത്രയും ജനക്കൂട്ടം ഷൂട്ടിങ്ങിന് വേണ്ടി വരും. ഇതിനോടകം തന്നെ വളരെയധികം ആളുകൾ പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. മേജർ രവിയും മകനും എന്നോടൊപ്പം ഉണ്ടായിരിക്കും എന്ന് അറിയിച്ചിട്ടുണ്ട്. അൻപതോളം തടിപ്പണിക്കാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ബാക്കി സന്നദ്ധരായവരുടെ പേരുകൾ ഇപ്പോൾ പുറത്തു വിടാൻ കഴിയില്ല. പേര് പറഞ്ഞ ചിലർ ഇപ്പോൾ ഭീഷണി നേരിടുന്നുണ്ട്. സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ പിന്തുണ പ്രഖ്യാപിച്ച ആളാണ് സീനിയർ സിനിമാട്ടോഗ്രാഫർ ഉത്പൽ വി നായനാർ, അദ്ദേഹം ക്യാമറ കൈകാര്യം ചെയ്യാമെന്ന് ഏറ്റിട്ടുണ്ട്. മറ്റൊരു ക്യാമറാമാൻ ചെന്നൈയിൽ നിന്നാണ്, മേജർ രവിയുടെ മകൻ ആണ് ഒരു ക്യാമറ മാൻ. പിന്നെ പഴയ കാലത്തെ പ്രോപ്പർട്ടീസ് ഒരുപാട് ആവശ്യമായി വരും. ചാലി സമുദായക്കാരെ ഒന്നാകെ കുടിലുകളിൽ കുന്തം കൊണ്ട് കുത്തി തള്ളി ഇട്ടു കത്തിക്കുകയായിരുന്നു ചെയ്തത്. അതൊക്കെ ചിത്രീകരിക്കണമെങ്കിൽ കുടിലുകൾ നിർമ്മിക്കണം. അതുപോലെ അന്ന് ഉപയോഗിച്ച കവചിത വാഹനങ്ങളും, ഫോർഡ് കാറും മറ്റു വാഹനങ്ങളുമൊക്കെ ഉണ്ടാക്കി എടുക്കേണ്ടതുണ്ട്. അതൊക്കെ അവസാന ഘട്ടത്തിൽ ചെയ്യാം എന്നാണ് കരുതുന്നത്. 10 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭക്ഷണത്തിനും അത്യാവശ്യം പ്രോപ്പർട്ടിക്കും വേണ്ടി മാത്രമാണ് തുക ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത് ബാക്കി ജനപങ്കാളിത്തമാണ്. മൂന്നു കോടി രൂപയാണ് കൈക്കാശായി വേണ്ടത്. അതിൽ ഒരുകോടി രൂപയോളം ഇതുവരെ സഹായമായി എത്തിയിട്ടുണ്ട്.
ഞങ്ങൾ എടുക്കാൻ പോകുന്നത് ഏതെങ്കിലും ഒരു മതത്തിനെതിരായ സിനിമയല്ല. മറിച്ച് കേരളത്തിൽ നടന്ന ഒരു വിശ്വാസ വഞ്ചനയുടെ ചരിത്രമാണ്. ചിലർക്ക് വേണ്ടത് സത്യമല്ല, വാര്യംകുന്നനെ മഹത്വവൽക്കരിക്കൽ ആണ്. ചരിത്രം മനസ്സിലാക്കുന്നവർക്ക് അറിയാം വാര്യംകുന്നൻ ഒരു സ്വാതന്ത്ര്യ സമര സേനാനി അല്ല എന്ന്. നിലമ്പൂർ കോവിലകത്തെ എല്ലാവരെയും രക്ഷിച്ചു കോഴിക്കോട് എത്തിച്ച ഒരു ഇസ്ലാം യോദ്ധാവ് ഉണ്ടായിരുന്നു. ഇവിടെ കൊലചെയ്യപ്പെട്ട ക്രിസ്ത്യാനികളും ഉണ്ട്. തിരൂർ ഭാഗത്തു ഓട്ടു കമ്പനിയിൽ ജോലി ചെയ്തിരുന്ന മൂവായിരത്തോളം ക്രിസ്ത്യാനികളെയാണ് ഇവിടെ നിന്ന് ഓടിച്ചത്. അന്ന് വെട്ടിപ്പൊളിച്ച വീടുകൾ ഇപ്പോഴും അവിടങ്ങളിൽ ഉണ്ട്. 1950 നു മുൻപ് എഴുതിയ പുസ്തകങ്ങൾ വായിച്ചു നോക്കണം, ഇതുവരെ പുറത്തുവരാത്ത ഒരു പുസ്തകം ഈയിടെ വെളിച്ചം കണ്ടിട്ടുണ്ട്. സത്യസന്ധമായി കാര്യങ്ങൾ അതിൽ എഴുതിയിട്ടുണ്ട്. ഒരുപാടു യഥാർത്ഥ രേഖകൾ എന്റെ കൈവശം ഉണ്ട്. സ്വന്തം തറവാട് നശിപ്പിച്ച് സ്വന്തം ആൾക്കാരെ വെട്ടിക്കൊന്ന കുടുംബത്തിൽ സ്വാതന്ത്ര്യ സമര പെൻഷൻ കൊണ്ട് കൊടുക്കാൻ വിധിക്കപ്പെട്ട ഒരു പോസ്റ്റ്മാൻ ഉണ്ട്. ആ പോസ്റ്റ് മാന്റെ മകൾ എന്നെ വിളിച്ചിരുന്നു. എല്ലാവരും മനസിലാക്കേണ്ടത് ഇത് ഒരു ആന്റി മുസ്ലിം സിനിമ അല്ല എന്നുള്ളതാണ്. അന്ന് ചതിയിൽ പെട്ടവരെ സഹായിക്കാൻ അന്നത്തെ പ്രമുഖ മുസ്ലിം കുടുംബങ്ങൾ വരെ ഉണ്ടായിരുന്നു. അവരെയൊന്നും മറന്നിട്ടില്ല.
വിദേശത്തുനിന്നൊക്കെ ആളുകൾ വിളിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്, ഇത് ഞങ്ങളുടെ കഥയാണ് ഞങ്ങൾ ഇത് സാക്ഷാത്കരിക്കാൻ ഒപ്പം ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ എന്നൊരു വ്യക്തി ആഹ്വനം ചെയ്തിട്ട് ഇത്രയും പണം എത്തിയിട്ടുണ്ടെങ്കിൽ ഈ ചരിത്രം വെളിപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരുപാടു ആളുകൾ ഉണ്ടെന്നു വേണം മനസിലാക്കാൻ. 1921–ൽ കൈപ്പടയിൽ എഴുതിയ രേഖകൾ എന്റെ കൈവശം ഉണ്ട്. ഈ സിനിമ പുറത്തു വന്നാൽ സത്യം അറിയാതെ ലഹള ഉണ്ടാക്കുന്നവർ സത്യം മനസ്സിലാക്കും എന്നാണു എന്റെ കണക്കുകൂട്ടൽ. മനുഷ്യർക്ക് പരസ്പരം തിരിച്ചറിയാൻ പറ്റും. എനിക്ക് ഭീഷണി ഉണ്ടെന്ന് എറണാകുളം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും അറിയിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ആള് വന്നു പറഞ്ഞു കടുത്ത ഭീഷണി ഉണ്ട് കരുതിയിരിക്കണം എന്ന്. ഭീഷണി ഫോൺ സന്ദേശങ്ങളും എത്തുന്നുണ്ട്. പക്ഷെ ഞാൻ പിറകോട്ട് പോകാൻ തയ്യാറല്ല. എനിക്ക് എന്ത് സംഭവിച്ചാലും ചരിത്രത്തിൽ എന്താണ് സംഭവിച്ചതെന്ന് പൊതുജനങ്ങൾ അറിയണം. എന്റെ ഫോൺ ടാപ്പ് ചെയ്യുന്നുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് മൂന്നിടത്ത് സൂക്ഷിച്ചിട്ടുണ്ട്. എനിക്ക് എന്ത് സംഭവിച്ചാലും ഈ സിനിമ പുറത്തു വരണം. വരുന്ന ഫെബ്രുവരി 20 നു ഷൂട്ടിങ് തുടങ്ങണം എന്നാണു ആഗ്രഹിക്കുന്നത്. ഏപ്രിലിൽ ഷൂട്ടിങ് തീർക്കണം, ജൂലൈയോടെ പോസ്റ്റ് ഷൂട്ടിംഗ് വർക്ക് ആഗസ്റ്റ് 20–ന് ആണ് ലഹള തുടങ്ങിയത് അന്ന് റിലീസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ചരിത്രം എന്താണെന്ന് അറിയാൻ എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കും എന്ന് കരുതുന്നു.
Leave a Reply