ന്യൂസ് ഡെസ്ക്, മലയാളം യുകെ
പതിനഞ്ചാം വയസ്സിൽ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് ലേബർ എംപി. ജിബി ന്യൂസിൽ നടത്തിയ അഭിമുഖത്തിലാണ് ലേബർ എംപി നതാലി ഫ്ലീറ്റ് 23 വർഷങ്ങൾക്ക് മുമ്പുണ്ടായ സംഭവം വെളിപ്പെടുത്തിയത്. ആ പ്രായത്തിൽ തനിക്ക് ലൈംഗിക ബന്ധത്തെക്കുറിച്ച് അറിവില്ലായിരുന്നു. എന്താണ് അൺപ്രൊട്ടക്ടഡ് സെക്സ് എന്ന് അറിയാത്ത പ്രായത്തിലാണ് താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും നിയമപരമായ ബലാത്സംഗം തന്നെയാണിതെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീട് താൻ ഗർഭിണിയായെന്നും തൻ്റെ മകൾക്ക് ജന്മം നൽകിയെന്നും ബോൾസോവർ എംപി പറഞ്ഞു.
ഇത്തരം സാഹചര്യത്തിലൂടെ കടന്ന് പോകുന്ന കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി താൻ പ്രവർത്തിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. തൻെറ ബാല്യകാലത്ത് കുടുംബം ഒത്തിരി ദുരിതത്തിലൂടെയാണ് കടന്ന് പോയതെന്നും ഈ സമയങ്ങളിൽ തന്നെ സഹായിച്ച പ്രായമായ ഒരു പുരുഷനാണ് താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും അവർ പറഞ്ഞു. ഇത് മനസിലാക്കാൻ പോലും സാധിച്ചില്ലെന്ന് അവർ അഭിമുഖത്തിൽ പറഞ്ഞു. കൗമാരപ്രായത്തിൽ താൻ ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രം നടത്താനാണ് അയാൾ അഭിപ്രായപ്പെട്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്ന സ്ത്രീകളെ സംരക്ഷിക്കാനുള്ള നിയമങ്ങൾ ഒന്നും തന്നെ രാജ്യത്തില്ലെന്ന് നതാലി ഫ്ലീറ്റ് ചൂണ്ടിക്കാട്ടി. കണക്കുകൾ അനുസരിച്ച് പ്രതിവർഷം യുകെയിൽ ഇത്തരത്തിൽ 3,000-ത്തിലധികം സംഭവങ്ങൾ നടക്കുന്നുണ്ട്. എന്നാൽ ഈ സ്ത്രീകളെ പിന്തുണയ്ക്കാൻ ഒരു ചാരിറ്റിയും ഇല്ല.
Leave a Reply