ന്യൂസ് ഡെസ്ക് , മലയാളം യുകെ
ഇംഗ്ലണ്ട് :- ഇംഗ്ലണ്ടിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ആയിരിക്കുകയാണ്. പാർലമെന്റിൽ ഈ തീരുമാനത്തിന് അംഗീകാരം നൽകിയിരിക്കുകയാണ് എംപിമാർ. ഹൗസ് ഓഫ് കോമൺസിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിൽ, 516 എംപിമാർ ലോക്ക്ഡൗൺ തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എന്നാൽ 38 കൺസർവേറ്റീവ് എംപിമാർ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിനെ എതിർത്തു. ഡിസംബർ 2 വരെയാണ് നിലവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പബ്ബുകൾ, റസ്റ്റോറന്റുകൾ, ബാറുകൾ മുതലായവ അടഞ്ഞു തന്നെ കിടക്കും. ആളുകൾ പരമാവധി വീട്ടിൽ തന്നെ കഴിയണം. അവശ്യ യാത്രകൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന കർശന നിർദ്ദേശമാണ് അധികൃതർ നൽകിയിരിക്കുന്നത്.
എന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിനെ, കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തന്നെയുള്ള 38 എംപിമാർ എതിർത്തു. ഇതിൽ പ്രശസ്ത ടോറി നേതാക്കളായ സർ ഗ്രഹാം ബ്രാഡി,സർ ലെയിൻ ഡൻകാൻ സ്മിത്ത് എന്നിവർ ഉൾപ്പെടുന്നു. മുൻ പ്രധാനമന്ത്രി തെരേസ മേ ഉൾപ്പെടെ 21 ടോറി എംപിമാർ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തിയില്ല. ഹൗസ് ഓഫ് കോമൺസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ക്രിസ്മസോടുകൂടി ബിസിനസ് സ്ഥാപനങ്ങൾ എല്ലാം തന്നെ തുറക്കാൻ സാധിക്കും എന്ന ഉറപ്പുനൽകി. ഇപ്പോൾ ഈ തീരുമാനം എടുത്തില്ലെങ്കിൽ, രാജ്യത്ത് ക്രമാതീതമായ രീതിയിൽ മരണനിരക്ക് വർദ്ധിക്കുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഇന്നലെ മാത്രം യുകെയിൽ 25, 177 പേരാണ് കൊറോണ ബാധിതരായി തീർന്നത്. 492 പേർ രോഗം ബാധിച്ചു മരിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ തീരുമാനത്തിന് ലേബർ പാർട്ടിയുടെ എല്ലാ പിന്തുണയും ലഭിച്ചു. എന്നാൽ സ്വന്തം പാർട്ടിയിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന് എതിർപ്പുകൾ നേരിടേണ്ടി വന്നത്.
Leave a Reply