ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെയും ഭാര്യ ക്യാരിയുടെയും ആറാഴ്ച മാത്രം പ്രായമുള്ള മകൾ റോമിക്കും കോവിഡ് ബാധിച്ചതായുള്ള വാർത്തകൾ മെയിൽ പത്രം പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഡൗണിങ് സ്ട്രീറ്റ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുടുംബത്തിലെ ഒരാൾ പോസിറ്റീവ് ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതാരാണെന്ന് ഈ വാർത്ത കുറിപ്പിൽ പറഞ്ഞിരുന്നില്ല. എന്നാൽ മെയിൽ പത്രം പുറത്തുവിട്ട വാർത്തയിലാണ് ബോറിസ് ജോൺസന്റെ ആറാഴ്ച മാത്രം പ്രായമുള്ള മകൾക്കാണ് കോവിഡ് ബാധയെന്ന് വ്യക്തമാക്കുന്നത്. രോഗം കുഞ്ഞിനെ സാരമായ തോതിൽ ബാധിച്ചിരുന്നതായും, എന്നാൽ ഇപ്പോൾ കുട്ടി സുഖം പ്രാപിച്ചു വരുന്നതായും പത്രം റിപ്പോർട്ട്‌ ചെയ്തു.

ഡൗണിങ് സ്ട്രീറ്റ് വാർത്തകുറിപ്പ് പുറത്തിറക്കിയതിന് ശേഷം ബോറിസ് ജോൺസൻ പൊതുജനമധ്യത്തിൽ എത്തിയിരുന്നില്ല. ചൊവ്വാഴ്ചയാണ് പിന്നീട് അദ്ദേഹം സ്‌കൈന്യൂസിന് അഭിമുഖം നൽകിയത്. ഇതിനിടയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ ഡൗണിങ് സ്ട്രീറ്റിലും മറ്റും വൻ തോതിലുള്ള പാർട്ടികൾ നടന്നതായുള്ള റിപ്പോർട്ടുകൾ ബോറിസ് ജോൺസനെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാൽ യാതൊരു തരത്തിലുള്ള പ്രതിസന്ധിയുമില്ലെന്നും, കാര്യങ്ങൾ സുഗമമായാണ് നടക്കുന്നതെന്നും ഡൗണിങ് സ്ട്രീറ്റ് വ്യക്തമാക്കി.

ബോറിസ് ജോൺസന്റെ ഭാര്യ ക്യാരി ഡിസംബർ 9 -ന് ലണ്ടനിലെ യൂണിവേഴ്സസിറ്റി കോളേജ് ഹോസ്പിറ്റലിൽ വെച്ചാണ് മകൾ റോമിക്ക് ജന്മം നൽകിയത്. ദമ്പതികളുടെ മൂത്തമകൻ വിൽഫ്രഡും ഇവരോടൊപ്പമുണ്ട്. പ്രധാനമന്ത്രി പ്രധാനപ്പെട്ട എല്ലാ മീറ്റിങ്ങുകളിലും പങ്കെടുക്കുമെന്നും, കൂടുതലും ഓൺലൈനായി ആയിരിക്കും നടത്തുക എന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.