ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലേബർ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന പീറ്റർ മാൻഡൽസനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് ദിനം പ്രതി പുറത്തു വന്നുകൊണ്ടിരിക്കുന്നത് . ജെഫ്രി എപ്സ്റ്റീനുമായി മാൻഡൽസൻ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ വ്യാപ്തിയെക്കുറിച്ച് പ്രധാനമന്ത്രി കിയർ സ്റ്റാർമറോട് മാൻഡൽസൻ കള്ളം പറഞ്ഞുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇതോടെ മാൻഡൽസന്റെ പെരുമാറ്റത്തിൽ എംപിമാർ കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുമ്പോൾ, അദ്ദേഹത്തെ സർക്കാർ ചുമതലയിൽ ഉൾപ്പെടുത്തിയ സ്റ്റാർമറുടെ തീരുമാനത്തോടുള്ള അസന്തോഷവും ശക്തമാകുകയാണ്.

ലേബർ പാർട്ടിക്കുള്ളിൽ സ്റ്റാർമറുടെ നേതൃത്വത്തിന് വെല്ലുകൾ ഉയരുന്നതായുമുള്ള വാർത്തകൾ പുറത്തുവരുന്നുണ്ട് . “ഇനി അദ്ദേഹത്തിന് അധികാരത്തിൽ തുടരാൻ സാധിക്കുമോ ” എന്ന ചോദ്യമാണ് എംപിമാരും മന്ത്രിമാരും ഉന്നയിക്കുന്നത്. ചിലർ നേതൃമാറ്റം വരുത്തിയില്ലെങ്കിൽ പാർട്ടി കൂടുതൽ അസ്ഥിരമാകുമെന്ന് മുന്നറിയിപ്പ് നൽകുമ്പോൾ, മറ്റുചിലർ സ്റ്റാർമർ 2027 വരെ പോലും പ്രധാനമന്ത്രിയായിരിക്കില്ലെന്ന വിലയിരുത്തലിലാണ്. മാൻഡൽസൻ വിഷയത്തിൽ വൈകിയുള്ള പ്രതികരണവും, സർക്കാർ നിലപാടുകൾ തിരുത്തുന്നതിലെ മന്ദഗതിയും സ്റ്റാർമറുടെ ഭരണശൈലിയിലെ സ്ഥിരം പ്രശ്നമാണെന്ന വിമർശനവും ശക്തമാണ്.

പ്രതിപക്ഷത്തിന്റെയും സ്വന്തം എംപിമാരുടെയും കടുത്ത സമ്മർദ്ദത്തെ തുടർന്ന് മാൻഡൽസനുമായി ബന്ധപ്പെട്ട ആശയവിനിമയ രേഖകൾ പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറായിട്ടുണ്ട് . രേഖകളിൽ മാൻഡൽസൻ കള്ളം പറഞ്ഞതായി തെളിയിച്ചാൽ സ്റ്റാർമർ നിയമപരമായി രക്ഷപ്പെടുമെങ്കിലും, രാഷ്ട്രീയമായി ഇതൊരു വലിയ തിരിച്ചടിയായിരിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് . എപ്സ്റ്റീൻ വിവാദം പാർട്ടിക്കുള്ളിൽ ആഴത്തിലുള്ള അവിശ്വാസം സൃഷ്ടിച്ചിരിക്കുകയാണ്. രണ്ട് വർഷം മുൻപ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സർക്കാർ ഇപ്പോൾ നേതൃപ്രതിസന്ധിയിൽ കുടുങ്ങി, മുന്നോട്ടുപോകാനോ കാര്യക്ഷമമായി ഭരിക്കാനോ കഴിയാത്ത അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന ആശങ്കയും ശക്തമാകുന്നുണ്ട് .











Leave a Reply