ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബ്രിട്ടനിൽ സൈക്കിൾ യാത്രക്കാർക്ക് കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. മറ്റു വാഹനങ്ങളെ പോലെതന്നെ രജിസ്ട്രേഷനും ഇൻഷുറൻസും ഓരോ സൈക്കിളുകൾക്കും നിലവിൽ വന്നേക്കാം. കൂടുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് സൈക്കിൾ യാത്രക്കാർക്ക് മേൽ വേഗപരിധി നിയന്ത്രണവും മന്ത്രിതലത്തിൽ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. സൈക്കിൾ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ അപകടങ്ങൾ പെരുകുന്നതാണ് നിയന്ത്രണങ്ങളെ കുറിച്ച് ചിന്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.

മറ്റ് വാഹനങ്ങൾ മൂലം അപകടം സംഭവിക്കുമ്പോൾ കാൽനട യാത്രക്കാർക്ക് മതിയായ നിയമ പരിരക്ഷയും ഇൻഷുറൻസും ലഭിക്കുമ്പോൾ സൈക്കിൾ തട്ടി അപകടം ഉണ്ടാകുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. പലപ്പോഴും അപകടത്തിന് കാരണമായ സൈക്കിൾ തിരിച്ചറിയാൻ കഴിയാത്തതും അപകടത്തിൽപ്പെട്ട കാൽനടക്കയാത്രക്കാരന് മതിയായ ഇൻഷുറൻസ് പരിരക്ഷ നൽകാൻ നിലവിലെ സംവിധാനത്തിനുള്ള പോരായ്മയുമാണ് മാറി ചിന്തിക്കാൻ ഗവൺമെന്റിനെ പ്രേരിപ്പിക്കുന്നത്.

നിലവിലെ നിയമപ്രകാരം കാൽനടയാത്രക്കാരുടെ അപകടത്തിനോ മരണത്തിനോ കാരണമാകുന്ന സൈക്കിൾ യാത്രക്കാർക്ക് രാജ്യത്തെ നിയമമനുസരിച്ച് പരമാവധി 2 വർഷം വരെ തടവ് ശിക്ഷയെ ലഭിക്കുകയുള്ളൂ. എന്നാൽ സമാനമായ അപകടത്തിന് കാരണമാകുന്ന മറ്റു വാഹനങ്ങളുടെ ഡ്രൈവർമാർക്ക് രാജ്യത്ത് കടുത്ത ശിക്ഷയാണ് ലഭിക്കുന്നത്. ബോറിസ് ജോൺസൺ മന്ത്രിസഭയിൽ ഗതാഗത സെക്രട്ടറിയായിരുന്ന ഗ്രാൻറ് ഷാപ് സ് ആണ് സൈക്കിൾ യാത്രികർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു. 2019 -ൽ റോഡിൽ 470 കാൽനട യാത്രികരുടെ ജീവൻ പൊലിഞ്ഞപ്പോൾ 5 അപകടങ്ങൾക്ക് കാരണം സൈക്കിൾ യാത്രക്കാരുടെ പിഴവായിരുന്നു. ഈ വർഷം ഇതുവരെ മാത്രം 7 കാൽനടയാത്രക്കാർ ആണ് സൈക്കിൾ തട്ടി മരണമടഞ്ഞത്.