സ്വന്തം ലേഖകൻ

ബ്രിട്ടൻ :- ബുധനാഴ്ച്ച ബ്രിട്ടണിലെ ഈ വർഷത്തെ ഏറ്റവും കൂടുതൽ താപനിലയായ 32.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ബ്രിട്ടണിൽ അതിശക്തമായ ഉഷ്ണക്കാറ്റ് വീശുന്നതിനാലാണ് താപനില വർദ്ധിക്കുന്നത്. നിലവിൽ ഈ വർഷത്തെ ഏറ്റവും കൂടുതൽ താപനിലയായ 28.9 ഡിഗ്രി സെൽഷ്യസ് മറികടന്നാണ്, ബുധനാഴ്ച ഹെയ്ത്രോ എയർപോർട്ടിൽ 32.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങളെല്ലാം ചൂടിൽ നിന്നും രക്ഷനേടുന്നതിനായി ബീച്ചുകളിലും മറ്റും കൂടിയിരിക്കുകയാണ്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിർദേശം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുണ്ട്. വ്യാഴാഴ്ച്ചയോടു കൂടി ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നുണ്ട്. ഇതിനെത്തുടർന്ന് യുകെയുടെ പലഭാഗങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്കോട്ട്‌ലൻഡിലും നോർത്തേൺ അയർലൻഡിലും താപനില കുറവാണ് രേഖപ്പെടുത്തിയത്. സ്കോട്ട്ലൻഡിലെ ബെർവിക്ക്ഷെയറിൽ 26.9 ഡിഗ്രി സെൽഷ്യസും, നോർത്തേൺ അയർലൻഡിലെ ഡെറിലൈനിൽ 21.8 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. യുകെയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ താപനില 1976 – ൽ സൗത്താംപ്ടണിൽ രേഖപ്പെടുത്തിയ 35.6 ഡിഗ്രി സെൽഷ്യസാണ്‌.

വാർദ്ധക്യത്തിൽ ഉള്ളവരേയും ആരോഗ്യാവസ്ഥ മോശമായിരിക്കുന്നവരേയും , കുട്ടികളെയും ആണ് കൂടിയ താപനില ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് പുറത്തിറക്കിയ വാർത്താകുറിപ്പിൽ രേഖപ്പെടുത്തുന്നു. ജനങ്ങളെല്ലാവരും ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.