ഇംഗ്ലണ്ടിലെ ഡ്രൈവർമാർ ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗിക്കുന്നതിന് 2003 മുതൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഉപയോഗിക്കാൻ സാധിക്കുമായിരുന്നു.പക്ഷേ ഇപ്പോൾ ഇംഗ്ലണ്ടിലും വെയിൽസിലും ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഡ്രൈവിംഗിനിടയിൽ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തണമെന്ന് ഒരു കൂട്ടം എംപിമാർ അഭിപ്രായപ്പെട്ടു. നിലവിലെ നിയമങ്ങൾ, ഹാൻഡ്‌സ്ഫ്രീ ഫോണുകൾ സുരക്ഷിതമാണെന്ന തെറ്റായ ധാരണ നൽകുന്നുവെന്നും അവർ പറഞ്ഞു. ഹാൻഡ്‌സ്ഫ്രീ ഫോണുകൾ ഉപയോഗിച്ചാലും ഉണ്ടാവുന്ന അപകടങ്ങളും അപകടസാധ്യതയും ചെറുതല്ല എന്ന് കോമൺസ് ട്രാൻസ്‌പോർട്ട് സെലക്ട് കമ്മിറ്റി പറയുകയുണ്ടായി. ഈ നിർദ്ദേശത്തെകുറിച്ച് 2019 അവസാനത്തോടെ ഒരു പൊതുതാല്പര്യം പ്രസിദ്ധീകരിക്കുമെന്ന് ക്രോസ് പാർട്ടി ഗ്രൂപ്പ് പറഞ്ഞു.
” ഡ്രൈവിംഗിനിടയിൽ ഫോൺ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ശ്രദ്ധകുറവ് ഒരു ജീവിതകാലം മുഴുവൻ കഷ്ടപ്പാടിന് കാരണമായേക്കാം. അതുകൊണ്ട് വാഹനം ഓടിക്കുമ്പോൾ ഫോൺ സൈലന്റിൽ ആണെന്ന് ഉറപ്പുവരുത്തുക. ഒപ്പം ഫോൺ കാഴ്ചയിൽ നിന്നും അകറ്റി വെയ്ക്കുക.” റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കിലെ ജോഷുവ ഹാരിസ് പറഞ്ഞു. ഡ്രൈവിംഗിനിടയിലെ ഫോൺ ഉപയോഗം മൂലം 773 അപകടങ്ങളാണ് 2017ൽ ബ്രിട്ടനിൽ നടന്നത്. ഇതിൽ 43 പേർ മരണപ്പെട്ടു. 135 പേർക്ക് ഗുരുതരമായി പരിക്കേൽകുകയും ചെയ്തു. ആലീസ് ഹസ്ബൻഡ് എന്ന യുവതി തന്റെ 7 വയസ്സുകാരനായ മകൻ സേത്തിന്റെ മരണത്തെപറ്റി വിശദീകരിക്കുകയുണ്ടായി. ഡ്രൈവറുടെ ഹാൻഡ്‌സ്ഫ്രീ ഫോൺ ഉപയോഗം മൂലം 2014ൽ ആണ് സേത്ത് കൊല്ലപ്പെട്ടത്. ഇതിന് ഡ്രൈവർക്ക് ലഭിച്ച ശിക്ഷ വളരെ ചെറുതായിരുന്നു.”വീടിനെതിർവശത്തുള്ള പോസ്റ്റ് ബോക്സിൽ കത്ത് പോസ്റ്റ് ചെയ്യാൻ പോയതാണ് അവൻ. തിരിച്ചുവന്നപ്പോഴാണ് കാറിടിച്ചു പരിക്കേറ്റത്. രണ്ടാഴ്ചയ്ക്ക് ശേഷം മരണപ്പെട്ടു. അന്ന് ഇതിനെപറ്റി അന്വേഷണം ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് ഹാൻഡ്‌സ്ഫ്രീ ഫോൺ ഉപയോഗത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി ജനങ്ങൾ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കണം. ” ആലീസ് പറഞ്ഞു.
2011 മുതൽ ഇത്തരത്തിലുള്ള അപകടങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ട്. എന്നാൽ ഇതിനെതിരെയുള്ള നിയമങ്ങളിൽ കുറവ് കാണുന്നു. പിഴയും ശിക്ഷയും വർദ്ധിപ്പിക്കണമെന്ന് എംപിമാർ അഭിപ്രായപ്പെട്ടു. ഫോണിന്റെ ഏതുപയോഗവും ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കുന്നതിന് കാരണമാകുന്നുവെന്ന് കമ്മിറ്റി അധ്യക്ഷനായ ലേബർ പാർട്ടി എംപി ലിലിയൻ ഗ്രീൻവുഡ് പറഞ്ഞു. മൊബൈൽ ഫോണുകൾ ആധുനിക ജീവിതത്തിന്റെയും ബിസിനസിന്റെയും ഒരു പ്രധാന ഭാഗമാണെങ്കിലും ഡ്രൈവർമാർ എല്ലായ്‌പോഴും അവ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണമെന്ന് ഗതാഗത വിഭാഗം വക്താവ് അഭിപ്രായപ്പെട്ടു.
Leave a Reply