ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: മനോഹരമായ പൂന്തോട്ടം വൃത്തികേടായി പരിചരിച്ചതിനു ദമ്പതികൾക്ക് പിഴ ചുമത്തി അധികൃതർ രംഗത്ത്. 600 പൗണ്ടാണ് പിഴ ചുമത്തിയത്. അയൽവാസികളുടെ പരാതിയെ തുടർന്നാണ് നടപടി. ദമ്പതികളായ തോമസ് ബെല്ലും ഹെലൻ മിൽബേണും വാടകയ്ക്ക് എടുത്ത വസ്തുവിലാണ് പൂന്തോട്ടം നിർമ്മിച്ചത്. എന്നാൽ പിന്നീട് ചപ്പുചവറുകളും മറ്റ് വേസ്റ്റുകളും ഇവിടെ നിക്ഷേപിക്കുകയായിരുന്നു. ഡാർലിംഗ്ടൺ ബറോ കൗൺസിലിൽ അയൽവാസികൾ രേഖാമൂലം പരാതി നൽകിയിരുന്നു.

തുടർന്ന് കൗൺസിൽ അംഗങ്ങൾ സ്ഥലം സന്ദർശിക്കുകയും 2021 ജൂണിൽ മാലിന്യം നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. എത്രമാത്രം വേസ്റ്റാണ് ഇതിൽ നിക്ഷേപിച്ചിരിക്കുന്നതെന്നുള്ളത് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. പൂന്തോട്ടത്തിന്റെ മുകളിൽ എത്തുന്ന കറുത്ത ബാഗുകളുടെ ഒരു കൂമ്പാരം കാണാൻ കഴിയും. മുന്നറിയിപ്പുകൾ വകവയ്ക്കാതെ ദമ്പതികൾ ചപ്പുചവറുകൾ വീണ്ടും നിക്ഷേപിച്ചതാണ് സ്ഥിതി മോശമാക്കിയത്. മാലിന്യങ്ങൾ സമയബന്ധിതവും കൃത്യവുമായ രീതിയിൽ നീക്കം ചെയ്യുന്നതിൽ ഇരുവരും വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഇപ്പോൾ നടപടി.

ഓരോരുത്തർക്കും 220 പൗണ്ട് പിഴയും 408 പൗണ്ട് ചെലവും നൽകാൻ ആണ് ഉത്തരവ്. ‘ചവറുകളും ഗാർഹിക മാലിന്യങ്ങളും ശരിയായ രീതിയിൽ തന്നെ നിർമാർജനം ചെയ്യണം. അല്ലാത്തപക്ഷമാണ് ഇത്തരത്തിൽ വലിച്ചെറിയപ്പെട്ട നിലയിൽ കാണപ്പെടുന്നത്. ഇതൊന്നും ചെയ്യാത്തതിനെ തുടർന്നാണ് നടപടി. ചുറ്റുമുള്ള വീട്ടുകാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു’ കൗൺസിലർ ജാമി ബാർച്ച് പറഞ്ഞു.