മിസ്റ്റർ വർക്കി ഇൻ ടർക്കി – എം . ഡൊമനിക് എഴുതിയ നർമ്മ കഥ.

മിസ്റ്റർ വർക്കി ഇൻ ടർക്കി –  എം . ഡൊമനിക് എഴുതിയ നർമ്മ കഥ.
October 11 01:22 2019 Print This Article

എം . ഡൊമനിക്

ചേട്ടാ, ഇന്നലെ ഞാൻ ഡ്യൂട്ടി യ്ക്ക് ചെന്നപ്പോൾ നമ്മടെ മോളി പറയുവാ അവര് ഈ പ്രാവശ്യം അവധിയ്ക്ക് പോയത് നാട്ടിൽ അല്ല, ടർക്കിയിൽ ആണെന്ന്. ഭാര്യ സൂസമ്മ  പറഞ്ഞ  ഈ വിശേഷം കേട്ട് കൊണ്ടാണ് ശ്രീമാൻ  വർക്കി ബാത്‌റൂമിൽ  നിന്നും  മുഖം  കഴുകി, ടർക്കിയിൽ മുഖവും  തുടച്ച്
ഇറങ്ങി വന്നത്. അയാൾ ഭാര്യ യോട് ചോദിച്ചു.”അതിന് അവരുടെ ആരാ തുർക്കിയില് ഉള്ളത്”?

അയ്യോ ചേട്ടാ അവരുടെ ആരും ടർക്കിയിൽ ഇല്ല. അവര് ഹോളിഡേയ്ക്ക് പോയതാ അവിടെ “.
നമുക്കും ഇനി അവധിക്ക് നാട്ടിൽ പോകുന്നതിനു പകരം ടർക്കിയിൽ പോകണം. അവിടെ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആയിരുന്നു അവരുടെ താമസം. ഒത്തിരി നല്ലതാ എന്നാ അവൾ പറഞ്ഞത്.

വർക്കിയും സൂസമ്മ യും രണ്ടു മൂന്ന് കൊല്ലമായി അയർലണ്ട് ൽ ആണ് ജോലി. സൂസമ്മ മദ്രാസിൽ നഴ്സിംഗ് പഠിച്ചു കഴിഞ്ഞു അവിടെ തന്നെ ഒരു ഹോസ്പിറ്റലിൽ ജോലി ആയിരുന്നു.എങ്ങനെ യെങ്കിലും വിദേശത്തു പോയി ജോലി ചെയ്തു ജീവിതം കരുപ്പിടിപ്പിക്കണം അതായിരുന്നു അവളുടെ സ്വപ്നം. അവളുടെ കൂടെ പഠിച്ച ഒരു സരസമ്മ പരീക്ഷ എഴുതി അയർലണ്ട് ൽ
ജോലി കിട്ടി പോയി. അവരാണ് അയർലണ്ട് ൽ പോകാൻ ഉള്ള വഴിഇവൾക്ക് പറഞ്ഞു കൊടുത്തത്.
താൻ അല്ലാതെ മറ്റാരും പച്ച പിടിക്കരുത് എന്ന് വിചാരിക്കുന്ന ചില ആൾക്കാർ ഉണ്ട്. അങ്ങനെ ചിന്തിക്കുന്നആൾ അല്ലായിരുന്നു സരസമ്മ എന്ന കൂട്ടുകാരി.

അയർലണ്ട് ൽ പോകുന്നതിനു ഒരു കൊല്ലം മുൻപ് ആയിരുന്നു സൂസമ്മയുടെ വിവാഹം. ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച അവരുടെ, അപ്പൻ അതിന് മുൻപേ മരിച്ചു പോയി. മകളുടെ വിവാഹം നടത്താൻആ പിതാവിനു യോഗം ഉണ്ടായില്ല.

ഒരു വിവാഹ ദല്ലാൾ വഴി യാണ് സൂസമ്മ യുടെ വിവാഹം നടന്നത്. ചെറുക്കൻ വർക്കിയ്ക്ക് ജോലി ഹാർഡ്‌വെയറാ ണെന്നും പറഞ്ഞാണ് കല്യാണം നടത്തിയത്. കല്യാണം കഴിഞ്ഞു കുറച്ചു നാൾ കഴിഞ്ഞാണ് വർക്കിയുടെ ജോലി ഇരുമ്പുകടയിൽ സെയിൽസ് മാൻ ആണ് എന്ന് പെണ്ണ് വീട്ടുകാർക്ക് മനസ്സിലായത്. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ എന്നൊക്കെ കേട്ടാൽ കമ്പ്യൂട്ടർ എന്ന്
മാത്രം ചി ന്തിക്കുന്ന ഈ കാലത്ത് ഹാർഡ്‌വെയറാ എന്ന് കേട്ടപ്പോൾ ചെറുക്കൻ ഹാർഡ്‌വെയർ എഞ്ചിനീയർ ആയിരിക്കും എന്നാണ് പാവം സൂസമ്മയും കൂട്ടരും ധരിച്ചത്. കളിപ്പ് പറ്റിയിട്ടു ഇനി പരിതപിച്ചിട്ട് എന്ത് കാര്യം. വർക്കിയുടെ വീട്ടുകാർ സൂസമ്മയെ പറ്റിച്ചതാണോ? എന്ന് ചോദിച്ചാൽ ഹാർഡ്‌വെയറാ എന്ന് പറഞ്ഞപ്പോൾ കമ്പ്യൂട്ടർ എന്ന് വിചാരിച്ചത് അവരുടെ കുഴപ്പം ആണോ എന്ന് ചോദിക്കാം. ഒരു തട്ടിപ്പ് മണക്കുന്നുണ്ട് എന്ന് പറയാതെയും തരമില്ല. കല്യാണം ആലോചിക്കുമ്പോൾ വേണ്ടപോലെ അന്നെഷിക്കാതെ എടുത്തു ചാടുന്നവർക്ക് പറ്റാവുന്ന ഒരു അബദ്ധം.

വർക്കിയ്ക്ക് വിദ്യാഭ്യാസം കുറവിന്റെ ചില പരിമിതികൾ അനുഭവപ്പെടുന്നത് അയർലണ്ട് ൽ വന്നതിനു ശേഷം ആണ്. ഇംഗ്ലീഷ് പരിഞ്ജാനം അൽപ്പം കമ്മി ആയതു കൊണ്ട് ശ്രീമാൻ വർക്കി,
സായിപ്പിന്റെ ഇംഗ്ലീഷ് മനസ്സിലാകാതെ വന്നാൽ യാ, യാ. ഒക്കെ, ഒക്കെ എന്നൊക്കെ പറഞ്ഞാണ് തടി തപ്പുന്നത്. എല്ലാവർക്കും ഇപ്പോൾ ശശി തരൂർ ആകാൻ പറ്റില്ലല്ലോ. ഇംഗ്ലീഷ് ൽ Phd ഇല്ലെങ്കിലും അയർലണ്ട് ൽ ജീവിക്കാൻ പറ്റും എന്നതിന് ഉത്തമ ഉദാഹരണം ആണ് വർക്കി. കുറച്ചു നാളായി അയാൾ KFC യിൽ ആണ് ജോലി ചെയ്യുന്നത്.ഭാര്യ ഹോസ്പിറ്റലിൽ രാവിലെ ജോലിക്ക് പോകുമ്പോൾ നമ്മുടെ വർക്കി വീട്ടു കാര്യങ്ങൾ നോക്കിയിട്ട് ഉച്ചക്ക് ശേഷം ഉള്ള ഷിഫ്റ്റ്‌ ൽ
ആണ് KFC ൽ ജോലിക്ക് പോകുന്നത്.

വലിയ മോഹങ്ങൾ ഒന്നും ഇല്ലാത്ത സൂസമ്മയാണേൽ മറ്റു ആളുകളെയോ അവരുടെ ജോലിയോ വരുമാനത്തിലോ നോക്കി നെടുവീർപ്പെടാറില്ല. ഉള്ളത് കൊണ്ട് സന്തോഷം കണ്ടെത്തണം എന്ന
പോളിസിക്കാരിയാണ് അവർ. അതു കൊണ്ട് അവരുടെ ലളിതമായ കൊച്ചു ജീവിതം സ്വച്ഛമായി
ഒഴുകുകയാണ്.

അന്നേരമാണ് സൂസമ്മയുടെ കൂടെ ജോലി ചെയ്യുന്ന മോളി “ടർക്കിയുടെ കഥ”കൊണ്ടുവന്ന് വിളമ്പുന്നത്. തനി നാടൻ സ്വഭാവകാരൻ ആയ വർക്കി യ്ക്ക് കേരളത്തിന്റെ വെളിയിൽ പോകുന്നത് പോലും ഇഷ്ടം ഉള്ള കാര്യം അല്ല. ഭാര്യ വിദേശത്തു ആയി പ്പോയാൽ പിന്നെ അനു ഗമിക്കാതെ നിവൃത്തി ഇല്ലാത്തത് കൊണ്ടാണ് അയർലണ്ട് ൽ വന്നത് തന്നെ.

 

വല്ല നാട്ടിലും ഒക്കെ പോയി ഹോട്ടലിൽ ഒക്കെ പോയി കിടക്കുന്നത് എന്തിനാ? അവധി കിട്ടുമ്പോൾ നാട്ടിൽ പോവുക, ബന്ധു വീടുകളിൽ ഒക്കെ കറങ്ങുക.വല്ല പള്ളിപ്പെരുനാളും ഉണ്ടെങ്കിൽ അതു കൂടുക, നാട്ടുകവലയിൽ ചായ കടയിൽ പോയി ഒരു ചായ കുടിക്കുക,കൂടിയാൽ ഒരു കുപ്പി വാങ്ങി കൂട്ടുകാരും കൂടി ഒന്ന് മിനുങ്ങുക. അതൊക്കെയാണ് വർക്കിയുടെ ഇഷ്ടങ്ങൾ.

ചേട്ടാ നല്ല ഹോട്ടലാ, നല്ല ഫുഡാ, നല്ല സ്ഥലമാ, എല്ലാരും പോകുന്ന സ്ഥലമാ.നല്ല രസമാ, എന്നിങ്ങനെ ഭാര്യ സൂസമ്മയുടെ യുടെ നിർത്താതെ യുള്ള “ടർക്കി പുരാണം” കേട്ടു മടുത്ത് വർക്കി നമുക്കും
ടർക്കി യ്ക്ക് പോകാം എന്ന് സമ്മതിച്ചു. അഞ്ചു ദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണവും താമസവും. നല്ല ഡീൽ ആണത്രേ. വർക്കിക്കും സൂസമ്മയ്ക്കും ഒട്ടും പരിചയം ഇല്ലാത്ത
മേഖല യാണ് ഫൈവ് സ്റ്റാർ. ഒരു പ്രാവശ്യം നാട്ടിൽ പോയപ്പോൾ എയർ ലൈൻസ് കാരുടെ ഫ്ലൈറ്റ്,
ഡിലെ, ഉണ്ടായി.

അന്നേരം എയർ ലൈൻ അറേഞ്ച് ചെയ്ത ഹോട്ടലിൽ ഏതാനും മണിക്കൂർ ചെലവിട്ടതാണ് മാത്രമാണ് ഈ മേഖലയിൽ ഉള്ള ഏക പരിചയം.

സൂസമ്മ കാത്തിരുന്ന ഹോളിഡേ വന്നെത്തി. വർക്കിക്ക് ഒരു ത്രില്ല് ഉം ഇല്ല. പൂച്ചയുടെ കഴുത്തിൽ വള്ളികെട്ടി യിട്ട് വലിച്ചാൽ എങ്ങനിരിക്കും, അതേ അവസ്ഥ. എന്നാലും സൂസമ്മ യുടെ ഇഷ്ടം നിറവേറ്റാൻ വേണ്ടി വർക്കിയും റെഡി ആയിരിക്കുക ആണ്.

വെളുപ്പിന് തന്നെ അവർ എയർപോർട്ടിൽ എത്തി. നേരത്തെ ബുക്ക്‌ ചെയ്തതിനും പടി ടർക്കിഷ് എയർ ലൈൻസിൽ അന്റാലിയ യ്ക്ക് ആണ് യാത്ര. നനുത്ത മഞ്ഞുപാളികളെയും പിന്നെ അതിന് മുകളിൽ ഒഴുകി നടക്കുന്ന വെള്ളിമേഘങ്ങളെയും തലോടി കൊണ്ട് അവരുടെ വിമാനം ആകാശ
നീലിമയിൽ ഉയർന്നു പൊങ്ങി. വിമാനം നിറയെ വിവിധ ദേശക്കാർ ആയ സഹയാത്രികർ. എല്ലാവരും തന്നെ വിനോദ സഞ്ചാരികൾ എന്ന് തോന്നുന്നു. ഹോളിഡേ യുടെ മധുര നിമിഷങ്ങളെ സ്വപ്നം കണ്ട് സൂസമ്മയും ഹോട്ടലിൽ ചെന്നാൽ എങ്ങനെ ഒക്കെ ആയിരിക്കും എന്ന ഉദ്വേഗത്തിൽ
വർക്കിയും ആകാശ യാത്രയുടെ നാല്‌ മണിക്കൂർ ചിലവിട്ടു.

അപ്പോൾ അവരുടെ വിമാനം അന്റാലിയ എയർപോർട്ട്, എന്ന ലക്ഷ്യം, ദൂരെ കണ്ടു. ആകാശത്തിൽ നിന്ന് ഇരപിടിക്കാൻ പറന്നു താഴുന്ന ഒരു പരുന്തിനെ പോലെ താഴ്ന്നു വന്ന് അവൻ റൺവേയിൽ ഇറങ്ങി ഓടി കിതച്ചിട്ടു നിൽക്കുകയും ചെയ്തു. മുൻകൂട്ടി ഇടപാട് ചെയ്തപോലെ ഹോട്ടലുകാരുടെ വണ്ടി വന്നു വർക്കിയെയും സൂസമ്മ യെയും പിന്നെ മറ്റു ചിലരെയും
ഹോട്ടലിലേക്ക് കൊണ്ടുപോയി.

നല്ല വൃത്തി യുള്ള വലിയ ഒരു ഹോട്ടൽ സമുച്ചയം. മെഡിറ്ററേനിയൻ കടൽ തീരത്ത് മധ്യാഹ്ന സൂര്യന്റെ ചെങ്കതിരിൽ പത്തു പതിനാറു നിലകളിൽ തല ഉയർത്തി നിൽക്കുകയാണ്. അതിന്റെ വിശാലമായ ചുറ്റുപാടിൽ ബാറുകളും നീന്തൽ കുളങ്ങളും തൊട്ടുരുമ്മുന്ന സുദീർഘമായ ബീച്ച്.
നിഴൽ വിരിച്ച ബീച്ച് കുടകളിൽ ശരീരത്തിലെ വെളുപ്പിനെ കറുപ്പിക്കാൻ പാടുപെടുന്ന വെള്ളക്കാർ.
അതിന്റെ ഇടയ്ക്കാണ് ശരീരത്തിന്” ദൈവം അൽപ്പം കൂടി വെളുപ്പ് തന്നില്ലല്ലോ “എന്ന് പരിതപിച്ചിട്ടുള്ള സൂസമ്മ യും കെട്ടിയവനും ചെന്ന് പെട്ടിരിക്കുന്നത്. വെളുത്തവന് കറക്കാൻ ബീച്ചിൽ പോയി കിടക്കാം. എത്ര എളുപ്പം. കറുത്തവന് വെളുക്കാൻ സഹായിക്കുന്ന ഏതെങ്കിലും എളുപ്പ വഴി ഉണ്ടായിരുന്നെങ്കിൽ.

ഹോട്ടൽ റിസപ്ഷൻ വർക്കിയെയും ഭാര്യ യെയും സ്വീകരിച്ചു. അവരുടെ മുറിയുടെ താക്കോൽ കൊടുത്തു. അവിടുത്തെ മറ്റു സൗകര്യങ്ങൾ വിവരിക്കുന്ന കാർഡും കൊടുത്തു. കൌണ്ടർ ൽ വച്ച് ഹോട്ടൽ സ്റ്റാഫ്‌ അവരുടെ ഡീറ്റെയിൽസ് ചോദിച്ചു, എല്ലാം ഇംഗ്ലീഷിൽ.

അവിടെ വച്ച് വർക്കിയ്ക്ക് ഒരു കാര്യം മനസ്സിൽ ആയി. വർക്കിയുടെ ഇംഗ്ലീഷ് ഹോട്ടൽ കാരുടെ ഇംഗ്ലീഷ് നേക്കാൾ പതിൻ മടങ്ങു മെച്ചം. ജീവിതത്തിൽ ആദ്യം ആണ് വർക്കി ആരെ എങ്കിലും ഇംഗ്ലീഷ് ന് തോൽപ്പിക്കുന്നത്. ഒന്നാം ക്ലാസ്സ്‌ മുതൽ ഇംഗ്ലീഷ് ന് വർക്കിയെ എല്ലാവരും തോല്പിച്ചരുന്ന ചരിത്രമേ ഉള്ളൂ.

വർക്കിയും സൂസമ്മയും തങ്ങളുടെ മുറിയിൽ സാധനങ്ങൾ കൊണ്ടുപോയി വച്ചു. അവർ ഒരു കർട്ടൻ വലിച്ചപ്പോൾ അടുത്ത് കാണുന്നത് ചെറുതിരകൾ ഇളകുന്ന സുന്ദരമായ മെഡിറ്ററേനിയൻ
കടലിന്റെ നീല പരപ്പാണ്. ഹാ, എത്ര സുന്ദരം ആണാ കാഴ്ച്ച, സൂസമ്മ പറഞ്ഞു. വൈകുന്നേരം അവർ റെസ്റ്ററന്റ് കണ്ടു പിടിച്ചു. ചായയും ബണ്ണും ബിസ്ക്കറ്റ് ഒക്കെ കഴിച്ചു.

 

സൂസമ്മ ഉത്സാഹത്തിൽ ആണെങ്കിലും വർക്കിയ്ക്ക് നിലവത്തു കോഴി ഇറങ്ങിയത് പോലെ യാണ്. ആകെ ഒരു അസ്വസ്ഥത.

വൈകുന്നേരം ഡിന്നർ കഴിക്കാൻ സമയം ആയി. ഗ്രൗണ്ട് ഫ്‌ളോർ ൽ നടന്നു അവർ ഡൈനിങ്ങ് ഹാൾ കണ്ടു പിടിച്ചു. ഒരു വലിയ ഹാൾ. അതിൽ വെള്ള നിറം ഉള്ള കസേരകൾ. പല വലിപ്പത്തിൽ ഉള്ള
മേശകൾ. അതിൽ വെള്ളയിൽ പിങ്ക് നിറം ബോർഡർ ലൈൻ ഉള്ള വിരികൾ. ഉയർന്ന സിലിങ്ങിൽ വലിയ ചാൻഡ്ലൈയർ ലൈറ്റുകൾ വെള്ള വെളിച്ചം വിതറി നിൽക്കുന്നു.

ഒരു വലിയ കല്യാണ സദ്യ യുടെ സെറ്റ് അപ്പ്‌ പോലെ ഉള്ള അന്തരീക്ഷം. കുറെ ആളുകൾ അവിടെ ഇരുന്നു എന്തൊക്കെയോ കഴിക്കുന്നത് കാണാം. അവർ രണ്ട് പേരും ഡൈനിങ്ങ് ഹാൾ ലേക്ക് കടന്നു. അവിടെ എങ്ങനെ ഒക്കെയാണ് രീതികൾ എന്ന് ഒരു തപ്പൽ ഉണ്ട്. ഒരുനിരയിൽ പ്ലേറ്റുകളും അതിന് ശേഷം ഭക്ഷണസാധനങ്ങൾ പല ഡിഷുകളിൽ നിരയായി ഒരു ഡെസ്കിൽ നിരത്തി വച്ചിരിക്കുന്നു.
വർക്കിയും സൂസമ്മയും ഒരൊ പ്ലേറ്റ് കൾ എടുത്ത് ഒന്നാമത്തെ ഡിഷിന്റെ അടുത്ത് ചെന്നു. അതിൽ ക്യാരറ്റ് ഉം ടൊമാറ്റോ യും അരിഞ്ഞത്. അവർ അതു കുറേശ്ശേ എടുത്തു അടുത്ത ഡിഷിന്റെ
അടുത്ത് ചെന്നു. അതിൽ ക്യൂകമ്പർ ഉം പുതിന ഇലയും. അവർ അതും കുറച്ച് എടുത്തു. അടുത്ത ഡിഷ്‌ ൽ ചിക്കൻ അല്ലെങ്കിൽ മട്ടൺ ആയിരിക്കും അവർക്ക്‌ അറിയാം. അടുത്ത ഡിഷ്‌ നോക്കുമ്പോൾ അതിൽ ടോമാറ്റോയും ഉള്ളിയും ചീരയും അരി ഞ്ഞത്. ആ ടേബിൾ ലെ അടുത്ത എല്ലാ ഡിഷ്‌ ലും പല തരം സാലഡ് കൾ ! ഇവിടെ ഡിന്നർ ന് സാലഡ് മാത്രം ആയിരിക്കും. വല്ലതും പറയാൻ പറ്റുമോ, ഫൈവ് സ്റ്റാർ അല്ലെ. പുതിയ ഹെൽത്തി ഈറ്റിംഗ്സ്റ്റൈൽ ആയിരിക്കും, അവർ മനസില്ലാ മനസോടെ കുറേ സാലഡ് കഴിച്ചേച്ചു എഴുന്നേറ്റ് പോയി. റൂമിലേക്കു പോകുന്ന വഴി വർക്കി ഈ ടൂറിനു ഇറങ്ങി തിരിച്ചതിനെകുറിച്ച് മറ്റാരും കേൾക്കാതെ സൂസമ്മയെ കുറ്റപ്പെടുത്തി കൊണ്ടിരുന്നു.

 

പിറ്റേ ദിവസവും ബ്രേക്ക്ഫാസ്റ് ന് റെസ്റ്റോറന്റ് ൽ ചെന്ന് ചായയും ഓംലറ്റ് ഒക്കെ കഴിച്ചു.
വൈകിട്ട് മാത്രം ആയിരിക്കും സാലഡ് കൊണ്ട് ഉള്ള ഡിന്നർ അവർ കരുതി.

ബ്രേക് ഫാസ്റ്റ് ന് ശേഷം അവർ മനോഹരമായ ബീച്ചിൽ പോയി. വെള്ള കുടക്കീഴില് സൺ ലൗഞ്ചിൽ ഇരുന്ന് സൂസമ്മ കടലിന്റെ സൗന്ദര്യം ആസ്വദിച്ചു.

 

വർക്കിക്ക് പ്രേത്യേക വിശേഷം ഒന്നും തോന്നിയില്ല. അയാൾ കൂട്ടിൽ ഇട്ട വെരുകിനെ പൊലെ
കുറെ നേരം അലക്ഷ്യമായി കടൽ തീരത്തു കൂടി നടന്നു. പിന്നെ സൂസമ്മയും അയാളെ അനുഗമിച്ചു.
“വൈകുന്നേരം കിട്ടിയപോലെ സാലഡ് മാത്രം ആണ് ഊണിനും കിട്ടുന്നതെങ്കിൽ എന്റെ വിധം മാറും പറഞ്ഞേക്കാം” ദേഷ്യം വന്ന വർക്കി സൂസമ്മ യോട് കോപിച്ചു.”അതിനെന്താ ചേട്ടാ, നമുക്ക് ഒന്നുകൂടി നോക്കാം, സമാധാനപ്പെട് “സൂസമ്മ രംഗം തണുപ്പിച്ചു. ഉച്ച നേരം ആയപ്പോൾ അവർ തിരിച്ചു റൂമിലേക്ക് പോയി. അന്നേരം സൂസമ്മ ഭർത്താവിനോട് പറഞ്ഞു.”ഞാൻ ഒന്ന് കുളിച്ചു റെഡി ആകാം അപ്പോഴേക്കും ചേട്ടൻ റെസ്റ്ററന്റ് ലേക്ക് ചെന്നു ഉച്ച ഊണിനു എന്ത് കിട്ടും എന്ന് നോക്ക്. എന്നിട്ട് ഇങ്ങു വാ. പിന്നെ നമുക്ക് ഒരുമിച്ച് ഊണ് കഴിക്കാൻ പോകാം”.

അത് നല്ല ഐഡിയ ആണെന്ന് വർക്കിയ്ക്കും തോന്നി. അയാൾ സൂസമ്മയെ റൂമിൽ വിട്ടിട്ട് റെസ്റ്റോറന്റ് ലേക്ക് ചെന്നു. നോക്കുമ്പോൾ ഊണ് മുറിയിൽ ഡെസ്കിൽ ഇന്നലെ കണ്ടപോലെ
വീണ്ടും വേറെ കുറേ സാലഡുകൾ പല ഡിഷിൽ നിരത്തി വച്ചിരിക്കുന്നു. ഒന്ന് ചോദിച്ചിട്ടുതന്നെ, ഈ കണ്ട കാശ് എല്ലാം കൊടുത്തിട്ട് ഇതെന്തു ഫൈവ് സ്റ്റാർ? അകലെ മറി നിന്ന ഒരു വെയ്റ്റർ നോട്‌ ചോദിക്കാൻ വർക്കി മുന്നോട്ട് ചെന്നു.

അന്നേരം ദേണ്ടെ പോകുന്ന വഴിയിൽ മുഴുനീള ഡെസ്കിൽ നിറയെ ആവിപറക്കുന്ന പത്തു നാൽപ്പതു വിഭവങ്ങൾ ഇരിക്കുന്നു. വർക്കി അന്തം വിട്ടു പോയി. ഇന്നലെ ഇതൊന്നും ഞാൻ
കാണാഞ്ഞതാണോ?

അയാൾ ഇതിന് മുൻപ് ആകെ കണ്ടിട്ടുള്ളത് മലയാളി അസോസിയേഷന്റെ പരിപാടിക്ക് വിളമ്പാൻ നിരത്തി വച്ചിരിക്കുന്ന നാലും മൂന്ന് ഏഴു ഐറ്റംസ് ആണ്. അതു ചോറ്, ദാൽ കറി, ക്യാബേജ് തോരൻ, ചിക്കൻ കറി, റൈത്ത, പപ്പടം അച്ചാർ, കഴിഞ്ഞു, അത്ര മാത്രം. ഇത് എന്തെരെ ഐറ്റംസ് ആണ് എന്റെ ദൈവമേ ! ഇത് മുഴുവൻ എങ്ങനെ കഴിക്കും?

ഈ സമയം വെറുതെ കറങ്ങി നടക്കുന്ന വർക്കിയെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഒരു വെയ്റ്റർ അയാളുടെ അടുത്ത് കൂടി വന്നു വർക്കിയെ നോക്കി. എന്തോ മനസിലാക്കിയ മട്ടിൽ അയാൾ വേഗം പോയി അയാളുടെ മാനേജർ നെ വിളിച്ചു കൊണ്ട് വന്നു.

 

വർക്കി യോട് അയാൾ ചോദിച്ചു.
“സോറി സാർ, നെയിം,
യുവർ നെയിം? ”

“നെയിം?
നെയിം വർക്കി ”

“വാട്ട്‌? നെയിം ടർക്കി?

നോ ടർക്കി, വർക്കി, വർക്കി “.
വർക്കി വീണ്ടും പറഞ്ഞു.

വാട്ട്‌? വർക്കി? പേര് അവർക്ക് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു.

സോറി സാർ, യൂ നോ ഫുഡ്‌.

ഫുഡ്‌ തരില്ല എന്ന് പറഞ്ഞത് മനസ്സിൽ ആയി. എന്തു കൊണ്ട് തരില്ല എന്ന് വർക്കിക്ക്‌ മനസ്സിൽ ആയില്ല.

അവർ സെക്യൂരിറ്റിയെ വിളിച്ച് വർക്കിയെ ബലമായി പുറത്തോട്ട് ഇറക്കാൻ നോക്കുകയാണ്. ഈ സമയം റെസ്റ്ററന്റ് ൽ ഭക്ഷണംകഴിച്ചുകൊണ്ടിരിക്കുന്ന ചിലരെങ്കിലും ഇത് കാണുന്നുണ്ട്.
എല്ലാവരും വർക്കിയെ നോക്കുന്നു. വർക്കിക്കും ആകെ നാണക്കേട്. പക്ഷേ, കാശ് ഒക്കെ കൊടുത്തിട്ടാണ് താനും ഇവിടെ വന്നിരിക്കുന്നത് എന്ന് ഇവരെ എങ്ങനെ മനസ്സിൽ ആക്കും?
മനസ് ഒന്ന് പതറിയ വർക്കി സമനില വീണ്ടെടുത്തു അവരോടു പറഞ്ഞു
“മൈ വൈഫ്, റൂം 500 ”

“വൈഫ് റൂം? “എന്ന് ചോദിച്ചിട്ട് സെക്യൂരിറ്റികൾ വർക്കിയെയും കൊണ്ട് റൂം നമ്പർ 500 ൽ ചെന്ന് ബെൽ അടിച്ചു.അപ്പോളേക്കും കുളിച്ചു റെഡി ആയി നിന്ന സൂസമ്മ കതകു തുറന്നു.
നോക്കുമ്പോൾ സെക്യൂരിറ്റിക്കാർ പിടിച്ചോണ്ട് നിൽക്കുന്ന കെട്ടിയവൻ വാതിൽക്കൽ !

പേടിച്ചു പോയ അവർ ചോദിച്ചു “എന്തു പറ്റി ചേട്ടാ? “വർക്കി എന്തെങ്കിലും പറയുന്നതിന് മുൻപ് സെക്യൂരിറ്റികാരൻ പറഞ്ഞു. “മാഡം, ദിസ് ഹുസ്ബൻഡ്, നോ റിസ്റ്റ് ബാൻഡ് , കമിങ് റെസ്റ്ററന്റ് “. യൂ നോ ഫുഡ്‌.

അന്നേരം ആണ് വർക്കിയുടെ കൈയിൽ ഹോട്ടൽ കാര് കെട്ടി കൊടുത്ത റിസ്റ് ബാൻഡ് ഇല്ല എന്ന് സൂസമ്മ ശ്രദ്ധിച്ചത്.

സൂസമ്മ ചോദിച്ചു ഇന്നലെ അവര് കയ്യിൽ കെട്ടി തന്ന സാധനം എന്തിയെ?

“അത് ഇന്നലെ രാത്രി കൈ ചൊറിഞ്ഞിട്ട് ഞാൻ വലിച്ചു പറിച്ചു കളഞ്ഞു, ഇനി അതെന്തിനാ? ”

ചേട്ടൻ എന്ത് പണിയാ കാണിച്ചത്, എവിടാ അത് ഇട്ടത്?

അത് ആ റൂമിൽ എങ്ങാനും കിടപ്പുകാണും. വർക്കി പറഞ്ഞു. സെക്യൂരിറ്റികൾ ഇവരുടെ സംസാരം കോട്ട് ഒന്നും മനസ്സിൽ ആകാതെ മിഴിച്ചു നിൽക്കുകയാണ്.നാണം കേട്ട് വർക്കിയും

സൂസമ്മ അവരെ ലോഞ്ച് ൽ ഇരുത്തിയിട്ട് . “വൺ മിനിറ്റ് ” എന്ന് പറഞ്ഞു ബെഡ്‌റൂം ൽ പോയി റിസ്റ്റ് ബാൻഡ് തപ്പി. ആരുടെയോ ഭാഗ്യത്തിന് വർക്കി പറിച്ചു കളഞ്ഞ റിസ്റ്റ് ബാൻഡ്
കാർപെറ്റ് ൽ നിന്നും കണ്ടുകിട്ടി. അവർ അതുകൊണ്ടെ സെക്യൂരിറ്റി കാരെ കാണിച്ചു.
സംഗതിയുടെ കിടപ്പുവശം മനസ്സിൽ ആയ അവർ സോറി പറഞ്ഞ് ഇറങ്ങി പോയി.

നിസാരം എന്ന് തോന്നാവുന്ന ഒരു റിസ്റ്റ് ബാൻഡും ഇംഗ്ലീഷ് ന്റെ പരിമിതിയും. വർക്കിയ്ക്ക് ടർക്കിയിൽ കിട്ടി ഒരു ഫൈവ് സ്റ്റാർ പണി !

എം . ഡൊമനിക്

ലണ്ടനിൽ സർവീസ് എഞ്ചിനീയറായി ജോലി ചെയ്യുന്ന എം . ഡൊമനിക് ബെർക്ക്‌ഷെയറിലെ സ്ലോവിലാണ് താമസിക്കുന്നത്. അസോസിയേഷൻ ഓഫ് സ്ലഫ് മലയാളിസ് വൈസ് പ്രസിഡന്റ് ആണ് .

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles