തൃശൂര്‍: തൃശൂര്‍ ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മുഹമ്മദ് നിഷാമിന് ജീവപര്യന്തവും 24 വര്‍ഷം തടവും ശിക്ഷ വിധിച്ചു. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതി 80 ലക്ഷത്തി 30,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. ഇതില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദ്ദേശിച്ചു. ഏഴു കുറ്റങ്ങളും സംശയാധീതമായി തെളിഞ്ഞതിനാലാണ്. കൂടാതെ കള്ളസാക്ഷി പറഞ്ഞതിന് നിഷാമിന്റെ ഭാര്യ അമലിനെതിരെ കേസ് എടുക്കാനും കോടതി വിധിച്ചു.
കൊലപാതകമടക്കം നിഷാമിനെതിരായ ഏഴ് കുറ്റങ്ങളും തെളിഞ്ഞതായും, കൊലപാതകം മുന്‍വൈരാഗ്യമാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് നിഷാം കുറ്റക്കാരനാണെന്ന് കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.
ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചുമാണ് വ്യവസായിയായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്. കുറ്റക്കാരനെന്ന് കണ്ടത്തെിയ നിഷാമിന് എന്തുശിക്ഷ നല്‍കണം എന്നതു സംബന്ധിച്ച് നടന്ന വാദത്തില്‍ വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
നിഷാം സമൂഹത്തിന് ഭീഷണിയാണെന്നും, നിരായുധനായ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചുമാണ് കൊലപ്പെടുത്തിയത്. ചന്ദ്രബോസിനെ ആശുപത്രിയിലത്തെിക്കാന്‍ പൊലീസ് വരേണ്ടി വന്നുവെന്നും അതിനാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിക്കണമെന്നും കോടികളുടെ ആസ്തിയുള്ള പ്രതിയില്‍ നിന്നും അഞ്ച് കോടി രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍വാദം. എന്നാല്‍ യാദൃശ്ചികമായുണ്ടായ അപകടമാണു മരണ കാരണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസിന്റെ വിധിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് പൊലീസ് വിചാരണ കോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.