പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തിൽ സിപിഎമ്മുമായി സഹകരിക്കാൻ ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ല. കേരളത്തിൽ നിലവിലുള്ളതും ഭരണകൂട ഭീകരതയാണ്. യോഗി ആദിത്യനാഥും യെദ്യൂരപ്പയുമായി പിണറായിക്ക് വ്യത്യാസമില്ലെന്നും കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടിയിലൂടെ ബിജെപിയെ സന്തോഷിപ്പാക്കാനാണ് പിണറായിയുടെ ശ്രമമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു,

കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ പറയുന്നതാണ് പാർട്ടി നിലപാട് . സിപിഎമ്മുമായി സഹകരിച്ച് സമരമില്ലെന്ന നിലപാടിൽ മാറ്റവുമില്ല. നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനമെടുക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ല. വ്യക്തിപരമായ പ്രശ്നങ്ങളൊന്നും പിണറായി വിജയനോട് ഇല്ലെന്നും പിണറായി വലിയ സുഹൃത്താണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു.

സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയിൽ എതിര്‍ വികാരമുണ്ടാക്കുമെന്നും കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സിപിഎമ്മുമായി സഹകരിച്ച്സംയുക്ത പ്രതിഷേധത്തിനിറങ്ങുന്നതിൽ കോൺഗ്രസ് നേതാക്കൾക്കിടയിൽ വിഭിന്ന അഭിപ്രായമാണ് നിലവിലുള്ളത്.

ലീഗ് നേതാക്കളിൽ നിന്ന് അടക്കം രമേശ് ചെന്നിത്തലയുടെ നിലപാട് സ്വാഗതം ചെയ്ത് രംഗത്തെത്തുമ്പോഴും സിപിഎമ്മുമായി സഹകരണത്തിന് ഇല്ലെന്ന കെപിസിസി പ്രസിഡന്‍റിന്‍റെ നിലപാടിന് പിന്തുണയുമായ കൂടുതൽ കോൺഗ്രസ് നേതാക്കൾ എത്തിയെന്നതും ശ്രദ്ധേയമാണ്.