കോഴിക്കോട്: നീലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ് തിരുത്തിയ അധ്യാപകനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും. ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അധ്യാപകര്‍ക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. പരീക്ഷ ചീഫ് സൂപ്രണ്ടും നീലേശ്വരം സ്‌കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, അഡീഷണല്‍ ഡെപ്യൂട്ടി ചീഫ് നിഷാദ് വി മുഹമ്മദ്, ചേന്നമംഗലൂര്‍ സ്‌കൂളിലെ അദ്ധ്യാപകനും പരീക്ഷ ഡെപ്യൂട്ടി ചീഫുമായ പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂളില്‍ മുന്‍പും സമാന കൃത്യം നടന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്.
വിജയശതമാനം ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് അധ്യാപകര്‍ ഉത്തരക്കടലാസ് തിരുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സ്‌കൂളില്‍ മുന്‍പും സമാന രീതിയില്‍ അധ്യാപകര്‍ തിരിമറി നടത്തിയതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ അധ്യാപകന്‍ തനിക്കുവേണ്ടി പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നും താന്‍ നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും വിദ്യാര്‍ത്ഥികളിലൊരാള്‍ പറഞ്ഞിരുന്നു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായാണ് താന്‍ പരീക്ഷയെഴുതിയതെന്നാണ് മുക്കം, നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരീക്ഷയുടെ ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ നിഷാദ് വി.മുഹമ്മദ് പറഞ്ഞിരുന്നത്.
ഇയാള്‍ രണ്ടു വിദ്യാര്‍ത്ഥികളുടെ പരീക്ഷ എഴുതിയതായും 32 വിദ്യാര്‍ത്ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പേപ്പര്‍ തിരുത്തിയെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് താന്‍ പരീക്ഷ എഴുതിയിരുന്നെന്നും പഠന വൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനായാണ് അപ്രകാരം ചെയ്തതെന്നും നിഷാദ് പറഞ്ഞത്. ഇതിനെ പാടെ തള്ളിക്കൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം എത്തിയത്. താന്‍ ജയിക്കുമെന്ന് പൂര്‍ണ്ണ ഉറപ്പുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ തന്റേത് മാത്രം വന്നില്ല. പേരില്‍ വന്ന എന്തോ തെറ്റാണ് റിസല്‍ട്ട് വൈകാന്‍ കാരണമെന്നാണ് പറഞ്ഞത്. അത് ശരിയാക്കാന്‍ നോക്കുമ്പോളാണ് ആള്‍മാറാട്ടം അറിഞ്ഞതെന്നും വിദ്യാര്‍ത്ഥി വ്യക്തമാക്കി.
Leave a Reply