മാര്‍ച്ച്‌ പതിനേഴിന് അമ്പതു വയസ്സ് തികയും……! ‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ നീണ്ട നാളുകൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മലയാളത്തിന്റെ നിത്യവസന്തം ശോഭന പറയുന്നു

മാര്‍ച്ച്‌ പതിനേഴിന് അമ്പതു വയസ്സ് തികയും……! ‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ നീണ്ട നാളുകൾക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ മലയാളത്തിന്റെ നിത്യവസന്തം ശോഭന പറയുന്നു
February 08 08:28 2020 Print This Article

മലയാളത്തിന്റെ പ്രിയ താരം ശോഭന ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്ക്രീനില്‍ മടങ്ങിയെത്തുകയാണ്, അനൂപ്‌ സത്യന്‍ സംവിധാനം ചെയ്യുന്ന ‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ. സിനിമയിലെ തന്‍റെ കഥാപാത്രത്തെക്കുറിച്ചും നൃത്തജീവിതത്തെക്കുറിച്ചുമെല്ലാം ശോഭന  മനസ്സ് തുറന്നു.

‘വരനെ അവശ്യമുണ്ട്’ എന്ന ചിത്രത്തിലെ കഥാപാത്രം  “ആളുകള്‍ സിനിമ നേരിട്ട് കണ്ടു വിലയിരുത്തട്ടെ. വളരെക്കാലത്തിനു ശേഷമാണ് അഭിനയിക്കുന്നത്, അമ്മ വേഷത്തിലാണ്. നിങ്ങള്‍ ഒരോരുത്തരുടേയും വീട്ടിലെ അമ്മമ്മാര്‍ എന്തൊക്കെ വികാരങ്ങളിലൂടെ കടന്നു പോകുന്നുവോ, അതിലെല്ലാം കൂടി കടന്നു പോകുന്ന ഒരമ്മ. അതാണ്‌ എന്‍റെ കഥാപാത്രം. സിനിമ നന്നായിരിക്കും എന്നും വിജയിക്കും എന്നും പ്രതീക്ഷിക്കുന്നു.

എനിക്ക് വരുന്ന ഓഫറുകള്‍ അനുസരിച്ചാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത്. അതിനു വേണ്ടി, പറയുന്ന സമയത്ത് ക്യാമറയ്ക്ക് മുന്നില്‍ എത്തി അഭിനയിക്കുന്നു. നൃത്തം അങ്ങനെയല്ല. നിത്യവും കഠിനമായി പരിശീലിക്കണം, അതില്‍ ഉപേക്ഷ വരാന്‍ പാടില്ല,” ശോഭന പറയുന്നു.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടു പേരുടെ ജീവിതകഥയാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ നായികാനായകന്‍മാരാകുന്ന ചിത്രത്തില്‍ സുരേഷ് ഗോപി, ശോഭന എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

ചിത്രത്തില്‍ നീന എന്ന സിംഗിള്‍ മദര്‍ ആയിട്ടാണ് ശോഭന എത്തുന്നത്‌. സുരേഷ് ഗോപിയുടെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന അവരുടെ രസകരമായ നിമിഷങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ്‌ സത്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ നിര്‍മ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

ഇപ്പോള്‍ സിനിമയില്‍ സജീവമല്ലാത്ത ശോഭനയെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം നല്‍കാനായി താന്‍ ഏറെക്കാലം കാത്തിരുന്നതായി സംവിധായകന്‍ അനൂപ്‌ സത്യന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തന്‍റെ നൃത്തക്കച്ചേരികളും ചെന്നൈ ആസ്ഥനമാക്കി നടത്തുന്ന നൃത്തവിദ്യാലയമായ ‘കലാര്‍പ്പണ’യുടേയും തിരക്കുകളിലാണ് ശോഭന ഇപ്പോള്‍.

“മാര്‍ച്ച്‌ പതിനേഴിന് അമ്പതു വയസ്സ് തികയും എനിക്ക്. അന്ന് ഒരു കച്ചേരി’ നടത്തണം എന്ന് ആഗ്രഹിക്കുന്നു,” മലയാളത്തിന്റെ നിത്യവസന്തമായ ശോഭന പറഞ്ഞു നിര്‍ത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles