കൊച്ചി: മുളന്തുരുത്തി ചങ്ങോലപാടം റെയില്‍വേ മേല്‍പ്പാലത്തിന്റെ സമീപന പാതയുടെ നിര്‍മ്മാണ പുരോഗതിയും, മേല്‍പ്പാല നിര്‍മ്മാണം മൂലം മുളന്തുരുത്തി-ചോറ്റാനിക്കര റോഡിലെ ഗതാഗത പ്രശ്‌നങ്ങളും സംബന്ധിച്ച അവലോകന യോഗം എറണാകുളം ജില്ലാ കലക്ടറുടെ ചേമ്പറില്‍ തോമസ് ചാഴികാടന്‍ എം.പിയുടെ നേതൃത്വത്തില്‍ നടന്നു.

ഗതാഗത തിരക്ക് കണക്കിലെടുത്തു മേല്‍പ്പാല സമീപന പാതയുടെ നിര്‍മ്മാണം അടുത്ത മാര്‍ച്ചിന് മുന്‍പ് പൂര്‍ത്തിയാക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു. മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നതുമൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും യോഗത്തില്‍ വിലയിരുത്തി. ശബരിമല തീര്‍ഥാടന കാലം, മുളന്തുരുത്തി പള്ളി പെരുന്നാള്‍, കാഞ്ഞിരമറ്റം പള്ളിയിലെ ചന്ദനക്കുട മഹോത്സവം എന്നിവ നടക്കാനിരിക്കെ ഉണ്ടാകുന്ന അധിക വാഹന തിരക്ക് കണക്കിലെടുത്തു നിലവിലെ റോഡിലൂടെ ചെറു വാഹനങ്ങള്‍ കടന്നുപോകുന്നതിനായുള്ള സജ്ജീകരങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണം എന്ന് എം.പി നിര്‍ദേശിച്ചു.

യോഗത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍, എന്‍.എസ്.കെ ഉമേഷ്, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കേരളാ (RBDCK) ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ദുര്‍ഗാപ്രസാദ്, ജോര്‍ജ് ചമ്പമല എന്നിവര്‍ പങ്കെടുത്തു.