മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഒരു ഷട്ടറാണ് ഉച്ചയോടെ ആദ്യം തുറന്നത്. രണ്ട് ഷട്ടറുകള്‍കൂടി ഉയര്‍ത്തുമെന്നാണ് വിവരം. 137.4 അടി ആയിരുന്നു വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചുകഴിഞ്ഞു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

നിലവില്‍ മുല്ലപ്പെരിയാറില്‍ നീരൊഴുക്ക് ശക്തമാണ്. അണക്കെട്ടില്‍ നിന്നും കൂടുതല്‍ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മഴ അതിതീവ്രമായി തുടരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന്റെ ഇടപെടല്‍ അടിയന്തരമായി വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്‌നാട് കൂടുതല്‍ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികള്‍ 24 മണിക്കൂര്‍ മുന്‍കൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

പൊതുജനങ്ങള്‍ പെരിയാര്‍ തീരപ്രദേശങ്ങളില്‍ കുളിക്കാനിറങ്ങുന്നതും മീന്‍പിടുത്തം നടത്തുന്നതും, സെല്‍ഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതും കര്‍ശനമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുല്ലപെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്ന സാഹചര്യം മുന്‍നിര്‍ത്തി മഞ്ജുമല വില്ലേജ് ഓഫീസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കണ്‍ട്രോള്‍ റും സജ്ജീകരിച്ചു. (ഫോണ്‍ നമ്പര്‍ 04869-253362, മൊബൈല്‍ 8547612910) അടിയന്തിര സാഹചര്യങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ (04869232077, മൊബൈല്‍ 9447023597) എന്നിവയും പൊതുജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം.