ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ആറ് മുതൽ എട്ട് ആഴ്ചകൾ മാത്രം ഗർഭിണിയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ച സ്ത്രീ മണിക്കൂറുകൾക്കുശേഷം വീട്ടിലെത്തി കുഞ്ഞിന് ജന്മം നൽകി. ഇരുപതു വയസ്സുകാരിയായ എറിൻ ഹോഗ്ഗ് ആണ് നോർഫോക്കിലെ ദി ക്വീൻ എലിസബത്ത് ആശുപത്രിയിൽ എത്തിയ ശേഷം ഗർഭിണി ആണെന്ന് അറിഞ്ഞത്. അതിനുശേഷം പ്രശ്നങ്ങളൊന്നും ഇല്ല എന്ന് പറഞ്ഞ് ആശുപത്രി അധികൃതർ ഇവരെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെയോടുകൂടി കടുത്ത വേദന അനുഭവപ്പെട്ടതിനെ തുടർന്ന് 999 ആംബുലൻസ് വിളിച്ചുവെങ്കിലും, വീട്ടിൽ വെച്ച് തന്നെ എറിൻ കുഞ്ഞിനു ജന്മം നൽകുകയുമായിരുന്നു.

പിപ്പർ സമ്മർസ് ഗിൽ എന്ന് പേരിട്ട കുഞ്ഞിന് ജനിച്ചപ്പോൾ 6 പൗണ്ട് 7 ഔൺസ് ഭാരം ഉണ്ടായിരുന്നു. പ്രസവിച്ചശേഷം ഉടൻതന്നെ എറിനെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ രക്തം നൽകി. ഗർഭിണിയാണെന്ന് അറിയാതിരുന്ന എറിന് തന്റെ കുഞ്ഞിന് ജനനം അപ്രതീക്ഷിതമായിരുന്നു. ഗർഭാവസ്ഥയുടെ യാതൊരുവിധ ലക്ഷണങ്ങളും തനിക്ക് ഇല്ലായിരുന്നുവെന്ന് എറിൻ പറഞ്ഞു. ഗർഭ കാലഘട്ടത്തിൽ തന്നെ തനിക്ക് കോവിഡ് ബാധിച്ചിരുന്നതായും, ഇതോടൊപ്പംതന്നെ ആദ്യ ഡോസ് വാക്സിൻ താൻ എടുത്തതായും എറിൻ വ്യക്തമാക്കി. ആശുപത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയ്ക്ക് യുവതിയോട് മാപ്പ് പറഞ്ഞതായി ചീഫ് നേഴ്സ് ആലീസ് വെബ്സ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ചു വ്യക്തമായ അന്വേഷണങ്ങൾ നടക്കുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.